റോം: ഗർഭകാലത്ത് ഡോക്ടർമാർ ഗർഭഛിദ്രം നിർദേശിച്ചിരുന്നെങ്കിലും ആ നിർദേശം തള്ളി തനിക്ക് ജന്മം നൽകാൻ തീരുമാനിച്ച അമ്മയോടുള്ള കടപ്പാട് പങ്കുവെച്ച് ലോകപ്രശസ്ത ഒപെറ ഗായകൻ ആൻഡ്രിയ ബൊചെല്ലി. റോമിൽ നടന്ന പ്രോ-ലൈഫ് മാർച്ചിൽ പങ്കെടുത്ത ആയിരങ്ങൾക്കായി അയച്ച കത്തിലാണ് ബൊചെല്ലിയുടെ ഹൃദയസ്പർശിയായ സാക്ഷ്യം ശ്രദ്ധ നേടുന്നത്.
തന്റെ അമ്മ ഗർഭിണിയായിരിക്കെ ചില ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗർഭം അലസിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നുവെന്ന് ബൊചെല്ലി കത്തിൽ വെളിപ്പെടുത്തി. എന്നാൽ കുഞ്ഞിനെ സ്വീകരിക്കാനും ജീവിതത്തെ തിരഞ്ഞെടുക്കാനുമാണ് അമ്മ തീരുമാനിച്ചതെന്ന് അദേഹം ഓർമ്മിപ്പിച്ചു. ആ തീരുമാനത്തിനാണ് ഞാൻ എന്റെ ജീവിതം കടപ്പെട്ടിരിക്കുന്നതെന്നും അദേഹം കുറിച്ചു.
"ഭയപ്പെടാതെ ജീവിതത്തെ സ്വാഗതം ചെയ്യുമ്പോൾ അത് ഇരട്ടിക്കുകയാണ് ചെയ്യുന്നത്. എന്റെ അമ്മയുടെ ആ ധീരമായ തീരുമാനത്തോടാണ് ഞാൻ ഇന്നും കടപ്പെട്ടിരിക്കുന്നത്," ബൊചെല്ലി കുറിച്ചു.
ഗണിത ശാസ്ത്രത്തിലെ നാല് അടിസ്ഥാന ക്രിയകൾക്ക് പുറമെ പരസ്പര സഹകരണവും വിശ്വാസവും കരുതലുമാണ് അഞ്ചാമത്തെ ക്രിയയെന്ന് കത്തിൽ പറയുന്നു. ഒന്നിനോട് ഒന്ന് കൂട്ടുമ്പോൾ എപ്പോഴും ഉത്തരം രണ്ടല്ല വരുന്നത് എന്ന് വിശ്വസിച്ച എന്റെ അമ്മയിൽ നിന്നാണ് ഈ പാഠം ഞാൻ പഠിച്ചത്. താൻ ജനിക്കുന്നതിന് മുൻപേ അമ്മ നൽകിയ ആ വലിയ പാഠത്തിനുള്ള നന്ദി പ്രകടനമാണ് ഈ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതത്തെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ബൊചെല്ലി പ്രത്യാശയിലും കുടുംബ മൂല്യങ്ങളിലും അധിഷ്ഠിതമായ സമൂഹങ്ങളാണ് ഭാവിയെ നിർമ്മിക്കുന്നതെന്നും സന്ദേശത്തിൽ വ്യക്തമാക്കി. തന്റെ അമ്മയുടെ ധീരമായ തീരുമാനം ജീവിതത്തിന്റെ മഹത്വം കൂടുതൽ ആഴത്തിൽ മസിലാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗർഭസ്ഥ ശിശുക്കളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രോ-ലൈഫ് മാർച്ചിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ബൊചെല്ലിയുടെ സാക്ഷ്യം മാർച്ചിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുകയും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്തു.