ബാകു: മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ പ്രീഫെക്റ്റ് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് അസർബൈജാനിൽ സന്ദർശനം നടത്തി. വിവിധ മതസമൂഹങ്ങൾക്കിടയിൽ സമാധാനവും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസർബൈജാൻ സന്ദർശിച്ചത്.
അഞ്ചു ദിവസം നീണ്ടുനിന്ന സന്ദർശനത്തിനിടെ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായി കർദിനാൾ കൂടിക്കാഴ്ച നടത്തി. ലിയോ പതിനാലാമൻ പാപ്പയുടെയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിന്റെയും ആശംസകൾ പ്രസിഡന്റിന് കൈമാറി. സഹിഷ്ണുതയുടെയും ബഹുസാംസ്കാരികതയുടെയും പ്രാധാന്യത്തെക്കുറിച്ചും ലോകസമാധാനത്തിന് മതാന്തര സംവാദങ്ങൾ അത്യന്താപേക്ഷിതമാണെന്നും ചർച്ചയിൽ കർദിനാൾ ഊന്നിപ്പറഞ്ഞു.
കോക്കസസ് മേഖലയിലെ ഷെയ്ഖ് ഉൽ-ഇസ്ലാം അല്ലാഹ്ഷുകൂർ പാഷസാദെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പരിശുദ്ധ സിംഹാസനവും അസർബൈജാനിലെ മതസമൂഹങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന് കർദിനാൾ നന്ദിയർപ്പിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ (2002), ഫ്രാൻസിസ് പാപ്പ (2016) എന്നിവർ അസർബൈജാനിൽ നടത്തിയ ചരിത്രപരമായ സന്ദർശനങ്ങൾ ഇരുവിഭാഗങ്ങൾക്കുമിടയിലെ ബന്ധം വളരെയധികം ശക്തിപ്പെടുത്തിയതായി കർദിനാൾ അനുസ്മരിച്ചു.
അസർബൈജാനിലെ അപ്പസ്തോലിക പ്രിഫക്റ്റ് മോൺസിഞ്ഞോർ വ്‌ളാഡിമിർ ഫെകേതെ, വത്തിക്കാൻ സ്ഥാനപതി ഇൽഗാർ മുഖ്തറോവ്, പ്രാദേശിക ക്രൈസ്തവ-യഹൂദ മതനേതാക്കൾ എന്നിവരും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു. ഫ്രാൻസിസ് പാപ്പയുടെ വിദേശ യാത്രകളുടെ മുൻ ചുമതലക്കാരനായിരുന്ന കർദിനാൾ ജോർജ് കൂവക്കാട് കഴിഞ്ഞ വർഷമാണ് വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്റ്റായി നിയമിതനായത്