സമാധാനത്തിന്റെ കാവലാൾ ഇനി ഓർമ്മ; സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ വൈദികൻ കൊല്ലപ്പെട്ടു

സമാധാനത്തിന്റെ കാവലാൾ ഇനി ഓർമ്മ; സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ വൈദികൻ കൊല്ലപ്പെട്ടു

ബാൻഗുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച കത്തോലിക്ക വൈദികൻ ക്രൂരമായി കൊല്ലപ്പെട്ടു. ബാൻഗാസൗ രൂപതയിലെ വൈദികനും ഹൗട്ട്-എംബോമൗ മേഖലയിലെ സെമിയോയിലുള്ള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവക വികാരിയുമായ ഫാ. ക്രെപിൻ മാർഷൽ മോംഗയാണ് ജൂൺ 29 ന് വൈകുന്നേരം തന്റെ ഇടവക വസതിക്ക് പുറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.‌

സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള പ്രാദേശിക കമ്മിറ്റിയുടെ ഏകോപനത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഫാ. മോംഗ. പ്രാദേശിക സമൂഹങ്ങളെയും സിവിൽ അധികാരികളെയും ഒന്നിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാൻ അദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. അരക്ഷിതാവസ്ഥ നിറഞ്ഞ പ്രദേശങ്ങളിൽ ഇടവക സംഘടനകളിലൂടെ ജനങ്ങൾക്ക് സംരക്ഷണം നൽകാനും വൈദികർ നടത്തിവന്ന മധ്യസ്ഥ ശ്രമങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്നു.

ഹൗട്ട്-എംബോമൗ മേഖലയിൽ കഴിഞ്ഞ കുറച്ചാഴ്ചകളായി സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. സായുധ ആക്രമണങ്ങളും വംശീയ സംഘർഷങ്ങളും വിഭവങ്ങളുടെ നിയന്ത്രണത്തിനായുള്ള മത്സരവും ഈ പ്രദേശത്തെ വലിയൊരു പ്രശ്നബാധിത മേഖലയാക്കി മാറ്റിയിരിക്കുന്നു. സംഘർഷങ്ങളെത്തുടർന്ന് അയൽ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള അഭയാർത്ഥി പ്രവാഹം വർധിച്ചു കൊണ്ടിരിക്കുകയാണ്.

യുറേനിയം, വജ്രം, സ്വർണ്ണം തുടങ്ങിയ ധാതു നിക്ഷേപങ്ങളാൽ സമ്പന്നമാണെങ്കിലും, ലോകത്തിലെ ഏറ്റവും അവികസിതമായ രാജ്യങ്ങളിലൊന്നാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്. ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം ക്രൈസ്തവ വിശ്വാസികളാണ്. സമാധാനത്തിന് വേണ്ടി സ്തുത്യർഹമായ സേവനം ചെയ്ത വൈദികന്റെ വിയോഗം സഭയ്ക്കും പ്രാദേശിക ജനതയ്ക്കും തീരാനഷ്ടമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.