ഇറാനിൽ ക്രൈസ്തവ ആരാധനാലയത്തിന് നേരെ നടപടി: സെന്റ് പീറ്റർ ഇവാഞ്ചലിക്കൽ ചർച്ച് പിടിച്ചെടുക്കാൻ നീക്കമെന്ന് ആരോപണം

ഇറാനിൽ ക്രൈസ്തവ ആരാധനാലയത്തിന് നേരെ നടപടി: സെന്റ് പീറ്റർ ഇവാഞ്ചലിക്കൽ ചർച്ച് പിടിച്ചെടുക്കാൻ നീക്കമെന്ന് ആരോപണം

ടെഹ്‌റാൻ: ഇറാനിലെ ചരിത്രപ്രധാനമായ ക്രിസ്ത്യൻ ആരാധനാലയങ്ങളിലൊന്നായ ടെഹ്‌റാനിലെ സെന്റ് പീറ്റർ ഇവാഞ്ചലിക്കൽ ചർച്ച് (ഖവാം ചർച്ച്) പിടിച്ചെടുക്കാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. 150 വർഷത്തെ പഴക്കമുള്ള പള്ളിയുടെ കോമ്പൗണ്ട് പൂർണമായി ഏറ്റെടുക്കുമെന്നും താമസക്കാരെ ഒഴിപ്പിക്കുമെന്നും അധികൃതർ ഭീഷണിപ്പെടുത്തിയതായി ചർച്ച് അധികൃതർ വെളിപ്പെടുത്തി.

ടെഹ്‌റാനിലെ പ്രധാനപ്പെട്ട സി-ഇ-തിർ സ്ട്രീറ്റിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ഏറ്റവും വിലമതിപ്പുള്ള പ്രദേശത്തുള്ള ഈ ഭൂമിക്ക് ദശലക്ഷക്കണക്കിന് ഡോളർ വിപണി മൂല്യമുണ്ടെന്നിരിക്കെ ഇത് കൈക്കലാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് സഭാ നേതൃത്വം ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി പള്ളിയുടെ ഉടമസ്ഥതയിലുള്ള 10,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഗാർഡൻ നേരത്തെ തന്നെ അധികൃതർ പിടിച്ചെടുത്ത് ഐ.ആർ.ജി.സി ഉദ്യോഗസ്ഥരുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു.

ഈയിടെ ആറോളം സുരക്ഷാ ഉദ്യോഗസ്ഥർ പള്ളിയിൽ അതിക്രമിച്ച് കയറി താമസക്കാരെ ഒഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പള്ളിയിലെ ജീവനക്കാരെയും വിശ്വാസികളെയും സ്വന്തം മണ്ണിൽ അതിക്രമിച്ചു കയറിയവരായി ചിത്രീകരിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്ന് ഭാരവാഹികൾ പറയുന്നു. മതന്യൂനപക്ഷങ്ങൾക്ക് നേരെ ഇറാൻ ഭരണകൂടം തുടരുന്ന അടിച്ചമർത്തലിന്റെ ഏറ്റവും പുതിയ അധ്യായമാണിതെന്നാണ് വിലയിരുത്തൽ.

എന്നാൽ ചട്ടവിരുദ്ധമായി പള്ളിയുടെ ചില ഭാഗങ്ങൾ വാടകയ്ക്ക് നൽകിയതിനാലാണ് നടപടിയെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ വാദം. 1876 ൽ ഖാജർ രാജാവായിരുന്ന നാസർ അൽ-ദിൻ ഷാ അനുവദിച്ച ഭൂമിയിൽ അമേരിക്കൻ മിഷനറിമാർ സ്ഥാപിച്ച ഈ പള്ളി ടെഹ്‌റാനിലെ ചെറിയ പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ പ്രധാന ആരാധനാ കേന്ദ്രമാണ്. ഭരണകൂടത്തിന്റെ ഈ നടപടി മതപരമായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.