വാഷിങ്ടൺ: സിലിക്കൺ വാലിയിലെ മിന്നിത്തിളങ്ങുന്ന കരിയറും ലക്ഷങ്ങൾ ശമ്പളവും ഉപേക്ഷിച്ച് ആത്മീയതയുടെ പാതയിലേക്ക് കടന്നുവന്ന ഫാ. എറിക് പിന്ററിന്റെ ജീവിതം ഇന്ന് ലോകത്തിന് വലിയൊരു പാഠമാണ്. കേൾവിപരിമിതിയെ അതിജീവിച്ച് അമേരിക്കയിൽ വൈദികപട്ടം സ്വീകരിക്കുന്ന പതിനൊന്നാമത്തെ ബധിരനായ വ്യക്തിയായി അദേഹം ചരിത്രം കുറിച്ചു.
പ്രശസ്തമായ കാർണഗീ മെലൻ സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ എറിക് ഗൂഗിളിന്റെ ഹ്യൂമൻ-കമ്പ്യൂട്ടർ ഇന്ററാക്ഷൻ വിഭാഗത്തിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായി മികച്ച രീതിയിൽ ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ ഭൗതികമായ ഉയർച്ചകൾക്കപ്പുറം മനസ് തേടിയ ആത്മീയ ശാന്തിക്കായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞു.
ഒരു ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് പശ്ചാത്തലത്തിൽ വളർന്ന എറിക് കത്തോലിക്കാ വിശ്വാസത്തിലേക്കും തുടർന്ന് കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിലേക്കും ആകർഷിക്കപ്പെടുകയായിരുന്നു. ആഴമായ വിശ്വാസാനുഭവങ്ങൾ അദ്ദേഹത്തെ വൈദികത്വത്തിലേക്കുള്ള ദൈവവിളി തിരിച്ചറിയാൻ സഹായിച്ചു.
2019-ൽ സെമിനാരിയിൽ പ്രവേശിച്ച എറിക്, ദൈവശാസ്ത്ര പഠനത്തിന് ശേഷം ഈ ജൂൺ 27 ന് പിറ്റ്‌സ്ബർഗ് രൂപതയ്ക്കുവേണ്ടി വൈദികനായി അഭിഷിക്തനായി. ആംഗ്യഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കാനും വചനം പ്രഘോഷിക്കാനും കഴിയുന്ന ഫാ. എറിക്, ബധിരരായ വിശ്വാസികൾക്ക് ആത്മീയമായ വലിയൊരു കരുത്താണ്.
"മനുഷ്യന്റെ ചിന്തകൾക്കപ്പുറമാണ് ദൈവത്തിന്റെ പദ്ധതികൾ" എന്ന സത്യം തന്റെ ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഫാ. എറിക് പിന്റർ. ഭൗതികമായ നേട്ടങ്ങളേക്കാൾ ഉപരിയായി ദൈവഹിതത്തോട് ചേർന്നുനിൽക്കുമ്പോൾ ലഭിക്കുന്ന നിത്യമായ സന്തോഷമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് വൈദികന്റെ ജീവിതയാത്ര നമ്മെ ഓർമ്മിപ്പിക്കുന്നു.