തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലേതടക്കമുള്ള എല്ലാ ഒഴിവുകളും മൂന്നാഴ്ച്ചക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവിമാര്‍ക്ക് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം.
ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും വ്യക്തമാക്കി ഭരണപരിഷ്‌കാര വകുപ്പ് വിവിധ വകുപ്പ് മേധാവിമാര്‍ക്ക് കത്തയച്ചു.
താല്‍കാലിക നിയമനങ്ങളില്‍ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോള്‍ കത്ത് നല്‍കിയിട്ടുള്ളത്. അടുത്ത ഘട്ടമായി പി.എസ്.സി നിയമനങ്ങളില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളില്‍ സര്‍ക്കാര്‍ നടപടികളിലേക്ക് കടന്നേക്കും.
പി.എസ്.സി നിയമന ക്രമക്കേടില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അതില്‍ സര്‍ക്കാരിന് തൃപ്തിയില്ലെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജെനീഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമീപകാല നിയമനങ്ങളില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടന്നേക്കുമെന്നും വിവരങ്ങളുണ്ട്.
അതിനിടെ, എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത് വന്നു. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല.
ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ഓപ്ഷന്‍ 'ബി' ഉത്തരമായി വരുന്ന രീതിയില്‍, ഉത്തരസൂചിക തയാറാക്കിയെന്നുമാണ് പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ചു. പി.എസ്.സി കഴിഞ്ഞ ദിവസം ഉത്തര സൂചിക പ്രസിദ്ധീകരിച്ചതോടെയാണ് പരീക്ഷയില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ഇരട്ടിച്ചത്. ആകെയുള്ള 100 ചോദ്യങ്ങളില്‍ 54 എണ്ണത്തിന്റെയും ഉത്തരം ഓപ്ഷന്‍ ബി ആയിരുന്നു.
കൊമേഴ്‌സില്‍ നിന്നുള്ള 25 ചോദ്യങ്ങളില്‍ 17 എണ്ണത്തിനും സ്റ്റാറ്റിസ്റ്റിക്‌സിലെ 25 ചോദ്യങ്ങളില്‍ 16 എണ്ണത്തിനും ശരിയുത്തരം ഓപ്ഷന്‍ ബി തന്നെയായി. നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ സമയം ബാക്കി നില്‍ക്കെ തിരക്കിട്ട് പരീക്ഷ നടത്തിയത് ആരെയെങ്കിലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആണോ എന്ന സംശയത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍. പുനപരീക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.