'ഓരോ ജീവനും അമൂല്യം': മനുഷ്യ ജീവനോടുള്ള ആദരവിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പയുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോ​ഗം

'ഓരോ ജീവനും അമൂല്യം': മനുഷ്യ ജീവനോടുള്ള ആദരവിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പയുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോ​ഗം

വത്തിക്കാൻ സിറ്റി: ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗം പ്രഖ്യാപിച്ച ലിയോ പതിനാലാമൻ മാർപാപ്പ, "മനുഷ്യജീവനോടുള്ള ആദരവിനായി" ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. മാർപാപ്പയുടെ ആഗോള പ്രാർത്ഥനാ ശൃംഖല തയ്യാറാക്കുന്ന പ്രതിമാസ വീഡിയോ സന്ദേശത്തിലൂടെയാണ് ഈ മാസത്തെ നിയോഗം പാപ്പ പങ്കുവെച്ചത്.

ദൈവം ഓരോ മനുഷ്യനെയും സ്നേഹത്തോടെയാണ് സൃഷ്ടിച്ചതെന്നും പൂർണതയിലേക്ക് ജീവിക്കാൻ ഓരോരുത്തരെയും വിളിച്ചിരിക്കുന്നുവെന്നും മാർപാപ്പ ഓർമിപ്പിച്ചു. "ഓരോ വ്യക്തിയും ദൈവമുഖത്തെ പ്രതിഫലിപ്പിക്കുന്ന വിശുദ്ധ ദാനമാണ്. ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ ഭൂമിയിലെ അവസാന ശ്വാസംവരെ ഓരോ മനുഷ്യജീവനും അതുല്യവും ആവർത്തിക്കാനാകാത്തതുമായ മൂല്യമുണ്ട്," പാപ്പ പറഞ്ഞു.

ഓരോ മനുഷ്യന്റെയും ഈ അതുല്യമായ മൂല്യം തിരിച്ചറിയാനും സംരക്ഷിക്കാനും ആവശ്യമായ കൃപ ലഭിക്കണമെന്ന് പ്രാർത്ഥിക്കണമെന്ന് മാർപാപ്പ അഭ്യർഥിച്ചു.

ജീവനെ യാതൊരു വ്യവസ്ഥകളും കൂടാതെ സ്വീകരിക്കാനും ബലഹീനരെയും നിസ്സഹായരെയും സ്നേഹപൂർവം പരിചരിക്കാനും ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും ആദരവോടെ അനുഗമിക്കാനും, ശബ്ദമില്ലാത്തവരുടെ അവകാശങ്ങൾ ധൈര്യത്തോടെ സംരക്ഷിക്കാനും നാം പഠിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.

നിസംഗതയിലേക്കും "വലിച്ചെറിയൽ സംസ്കാരത്തിലേക്കും" വഴുതിവീഴുമ്പോഴും മറ്റുള്ളവരെ സ്നേഹിക്കപ്പെടേണ്ട വ്യക്തികളായി കാണുന്നതിൽ പരാജയപ്പെടുമ്പോഴും ദൈവം നമ്മോട് ക്ഷമിക്കണമെന്ന പ്രാർത്ഥനയും മാർപാപ്പ നടത്തി.

"ജീവനെ എപ്പോഴും തിരഞ്ഞെടുക്കാൻ സന്നദ്ധമായ പുതിയ ഹൃദയവും ജീവനെ പ്രവൃത്തികളിലൂടെ സംരക്ഷിക്കാൻ ഉദാരമായ കൈകളും ഞങ്ങൾക്ക് നൽകണമേ," എന്നും പാപ്പ പ്രാർത്ഥിച്ചു.

സുവിശേഷം ഉയർത്തിപ്പിടിക്കുന്ന ജീവന്റെ സാക്ഷ്യമായി സഭ മാറണമെന്നും എല്ലാ ജീവനും ആഘോഷിക്കപ്പെടുകയും ആരും അനാവശ്യരാണെന്ന് തോന്നാതിരിക്കുകയും ഓരോ വ്യക്തിയുടെയും അന്തസും അവകാശവും ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന തുറന്ന ഭവനമായി സഭ വളരണമെന്നും മാർപാപ്പ പ്രാർത്ഥിച്ചു.

"ഈശോ നമ്മെ സ്നേഹിച്ചതുപോലെ ആർദ്രതയോടെയും വിശ്വസ്തതയോടെയും സ്വയം സമർപ്പിച്ചുകൊണ്ടും ജീവിതത്തെ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഓരോ മനുഷ്യ ജീവനും നമ്മുടെ സമ്പൂർണ സമർപ്പണത്തിന് അർഹമാണെന്ന് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ലോകത്തോട് പ്രഖ്യാപിക്കാൻ ഞങ്ങളെ ശക്തിപ്പെടുത്തണമേ," എന്ന പ്രാർത്ഥനയോടെയാണ് മാർപാപ്പ സന്ദേശം അവസാനിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.