തൃശൂര്‍: ജില്ലയില്‍ കാലവര്‍ഷം കനത്തതോടെ പ്രധാന ഡാമുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. പെരിങ്ങല്‍ക്കുത്ത്, പൂമല ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്കും പുഴയ്ക്കല്‍ തോടിന്റെ പരിസരവാസികള്‍ക്കും ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് ജൂലൈ നാല് ശനിയാഴ്ച തൃശൂര്‍ ജില്ലയിലെ അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അവധി പ്രഖ്യാപിച്ചു.
പെരിങ്ങല്‍ക്കുത്ത് ഡാം ക്രസ്റ്റ് ലെവലിലേക്ക്; ചാലക്കുടി പുഴയില്‍ വെള്ളം ഉയരും
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ജലനിരപ്പ് 418.20 മീറ്ററായി ഉയര്‍ന്നു. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററില്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതിനായി ക്രസ്റ്റ് ഗേറ്റുകള്‍ ഇപ്പോള്‍ തുറന്നിരിക്കുകയാണ്. വെള്ളം 419.40 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് കൂടുതല്‍ ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടും. പുഴയിലെ ഒഴുക്ക് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി; കര്‍ശന നിയന്ത്രണം
സംഭരണ ശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന പൂമല ഡാമില്‍ നിന്നും അധിക ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ 26 അടിയുള്ള ജലനിരപ്പ് 28 അടിക്ക് മുകളിലെത്തിയാല്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയില്‍ ഷട്ടറുകള്‍ തുറക്കും. ഡാമില്‍ നിന്നുള്ള വെള്ളം മലവായ് തോട് വഴി പുഴയ്ക്കല്‍ തോട്ടിലേക്ക് എത്തുന്നതിനാല്‍ മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്തുകളിലുള്ളവര്‍ ജാഗ്രത പാലിക്കണം.
സുരക്ഷ മുന്‍നിര്‍ത്തി പുഴകളിലും തോടുകളിലും ഇറങ്ങുന്നതിനും കുളിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കര്‍ശന വിലക്കുണ്ട്. പുഴകളില്‍ മത്സ്യ ബന്ധനം നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു.
പരീക്ഷകള്‍ക്ക് മാറ്റമില്ല; അനാവശ്യ യാത്രകള്‍ ഒഴിവാക്കണം
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും ഈ അവധി ബാധകമല്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.
കനത്ത മഴ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഭരണകൂടം ഓര്‍മ്മിപ്പിച്ചു.