ലാഹോർ: പാകിസ്ഥാനിൽ ദൈവനിന്ദ ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട കത്തോലിക്കാ വിശ്വാസി അമീർ പീറ്റർ (61) ലാഹോർ ക്യാമ്പ് ജയിലിൽ അന്തരിച്ചു. ലാഹോറിലെ കപ്പൂച്ചിൻ സന്യാസസഭാംഗമായ ഫാ. ഹെന്റി പോളിന്റെ സഹോദരനാണ് മരിച്ച അമീർ പീറ്റർ. കടുത്ത മറവിരോഗം (ഡിമെൻഷ്യ) ബാധിതനായിരുന്നിട്ടും ഇദേഹത്തിന് ജാമ്യം നൽകാനോ മതിയായ ചികിത്സ ലഭ്യമാക്കാനോ അധികൃതർ തയ്യാറായില്ലെന്ന ആരോപണം ശക്തമാണ്.
2025 ജൂലൈയിൽ ഒരു മുസ്ലീം കടയുടമയുമായുണ്ടായ തർക്കത്തെത്തുടർന്നാണ് അമീർ പീറ്റർ അറസ്റ്റിലായത്. പ്രവാചകനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് പാകിസ്ഥാനിലെ വിവാദമായ ദൈവനിന്ദാ നിയമം ചുമത്തുകയായിരുന്നു. ജയിലിൽ വെച്ച് ഇദേഹത്തിന്റെ ശാരീരിക-മാനസികാരോഗ്യം വഷളായെങ്കിലും വിദഗ്ധ ചികിത്സയ്ക്കായുള്ള അഭിഭാഷകരുടെ ആവശ്യങ്ങൾ കോടതിയും ജയിൽ അധികൃതരും തുടർച്ചയായി അവഗണിച്ചു.
പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിലെ മെഡിക്കൽ ബോർഡ് അമീർ പീറ്ററിന് വിചാരണ നേരിടാനുള്ള മാനസിക ശേഷി പോലുമില്ലെന്ന് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നിട്ടും ജാമ്യം നിഷേധിക്കപ്പെട്ടത് ക്രൂരമായ നീതിനിഷേധമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ജൂൺ 30 ന് ആരോഗ്യനില അതീവ ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ ഒന്നിന് മരണപ്പെടുകയായിരുന്നു.
മതപരമായ നിഷ്പക്ഷതയില്ലാത്ത നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയും മാനസികാരോഗ്യമില്ലാത്ത തടവുകാരോട് ഭരണകൂടം കാണിക്കുന്ന ക്രൂരതയ്ക്കെതിരെയും വൻ പ്രതിഷേധമാണ് ഉയരുന്നത്. അവസാന നിമിഷം വരെയും തന്റെ സഹോദരൻ വിശ്വാസം മുറുകെ പിടിച്ചിരുന്നുവെന്നും നീതി ലഭിക്കാതെയാണ് അദേഹം വിടവാങ്ങിയതെന്നും ഫാ. ഹെന്റി പോൾ പ്രതികരിച്ചു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയിലേക്കും ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നു.