അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ അന്തര്‍വാഹിനി പരിപാലന കേന്ദ്രം തകര്‍ന്നു: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡൊണാള്‍ഡ് ട്രംപ്

 അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ അന്തര്‍വാഹിനി പരിപാലന കേന്ദ്രം തകര്‍ന്നു: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാനിലെ പ്രമുഖ കപ്പല്‍ശാല പരിപാലന കേന്ദ്രത്തിന് നേരെ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തി. ബന്ദര്‍ അബ്ബാസ് തുറമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന അന്തര്‍വാഹിനി, കപ്പല്‍ പരിപാലന കേന്ദ്രമാണ് യു.എസ് പ്രയോഗിച്ച കടല്‍ ഡ്രോണ്‍ ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നത്. ഈ ദൗത്യത്തിനായി മൂന്ന് കോര്‍സെയര്‍ ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.

ലക്ഷ്യ സ്ഥാനത്ത് ചെന്ന് ഇടിച്ച് തകരുന്ന തരത്തിലുള്ള ഇത്തരം വണ്‍-വേ അറ്റാക്ക് ആളില്ലാ കടല്‍ വാഹനങ്ങള്‍ അമേരിക്ക ആദ്യമായാണ് ഒരു സൈനിക ആക്രമണത്തിന് പ്രയോഗിക്കുന്നത്.

സൈനിക നടപടിക്ക് തൊട്ടുപിന്നാലെ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്ക ഇനി മുതല്‍ ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുമെന്നും അദേഹം അവകാശപ്പെട്ടു. ഈ അന്താരാഷ്ട്ര ജലപാതയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന മുഴുവന്‍ ചരക്ക് കപ്പലുകളില്‍ നിന്നും 20 ശതമാനം തുക സര്‍വീസ് ചാര്‍ജായി ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ പ്രഖ്യാപനത്തെ പൂര്‍ണമായി തള്ളിക്കളഞ്ഞ ട്രംപ്, ഇറാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ വാണിജ്യപാത തുടര്‍ന്നും തുറന്നുതന്നെ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയുകയാണ് യുഎസ് നീക്കങ്ങളുടെ പ്രധാന ലക്ഷ്യം.

അതേസമയം ഖത്തര്‍, ബഹ്‌റിന്‍, ജോര്‍ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി നടത്തിയിട്ടുണ്ട്. ഇറാനുമായുള്ള പരോക്ഷ യുദ്ധത്തില്‍ ഇതിനകം 14 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും നാനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ സൈനിക നീക്കങ്ങള്‍ പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.