യുദ്ധം ചെങ്കടലിലേക്കും വ്യാപിക്കുമെന്ന് ഇറാന്റെ ഭീഷണി; ഇന്ത്യന്‍ നാവികരെ ഹോര്‍മുസ് വഴി അയക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

യുദ്ധം ചെങ്കടലിലേക്കും വ്യാപിക്കുമെന്ന് ഇറാന്റെ  ഭീഷണി; ഇന്ത്യന്‍ നാവികരെ ഹോര്‍മുസ് വഴി അയക്കരുതെന്ന്  കപ്പല്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ടെഹ്‌റാന്‍/ന്യൂഡല്‍ഹി: യുദ്ധം ഇനി ഹോര്‍മുസ് കടലിടുക്കില്‍ മാത്രമായി ഒതുങ്ങില്ലെന്നും ചെങ്കടലിലേക്കും വ്യാപിക്കുമെന്ന് ഇറാന്റെ ഭീഷണി.

അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ യെമനിലെ തങ്ങളുടെ സഖ്യ കക്ഷികളായ ഹൂതികളെ ഉപയോഗിച്ച് മറ്റൊരു സുപ്രധാന കപ്പല്‍ പാതയായ ബാബ അല്‍ മന്ദേഹ് കടലിടുക്ക് ഉപരോധിച്ച് ചെങ്കടല്‍ വഴിയുള്ള ആഗോള ഗതാഗതം തടസപ്പെടുത്താനാണ് ഇറാന്റെ നീക്കം.

ഇറാന്റെ പുതിയ മുന്നറിയിപ്പ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സമുദ്ര ചോക്ക്‌പോയിന്റുകളായ ഹോര്‍മുസ് കടലിടുക്കും ചെങ്കടലും ഒരേസമയം തടസപ്പെടുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇത് ആഗോള ഊര്‍ജ്ജ വിതരണത്തിനും വ്യാപാരത്തിനും വലിയ ഭീഷണി സൃഷ്ടിക്കും.

അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ അയക്കരുതെന്ന് കപ്പല്‍ കമ്പനികളോടും റിക്രൂട്ടിങ് ഏജന്‍സികളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് എക്‌സില്‍ പോസ്റ്റ് ചെയ്ത അടിയന്തര സന്ദേശത്തില്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഇന്ത്യന്‍ നാവികരെ ഹോര്‍മുസ് വഴി അയക്കരുതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

അതിനിടെ ഖാര്‍ഗ് ദ്വീപിലേക്ക് എത്തിക്കൊണ്ടിരുന്ന ഇറാന്‍ ടാങ്കര്‍ ആക്രമിച്ച അമേരിക്ക ഇറാന്റെ തുറമുഖങ്ങളില്‍ ഉപരോധം ശക്തമാക്കി. ചരക്കു കയറ്റാനായി ഇവിടേക്ക് എത്തിയ ടാങ്കറാണ് ആക്രമണത്തിനു ഇരായായത്.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കപ്പല്‍ അവഗണിച്ച് മുന്നോട്ടു വന്നതോടെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന്റെ എതിര്‍പ്പ് മറികടന്ന് ഹോര്‍മുസിലും അമേരിക്ക സാന്നിധ്യം ശക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.