ഗുവാഹത്തി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ ആൽബർട്ട് ഹെംറോമിനെ നിയമിച്ച് ലിയോ പാപ്പ

ഗുവാഹത്തി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ ആൽബർട്ട് ഹെംറോമിനെ നിയമിച്ച് ലിയോ പാപ്പ

റോം: ഗുവാഹത്തി അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാപ്പോലീത്തയായി മാർ ആൽബർട്ട് ഹെംറോമിനെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. 2021 ഫെബ്രുവരി 15 മുതൽ ദിബ്രുഗഢ് രൂപതയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു മാർ ആൽബർട്ട്. 13,961 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഗുവാഹത്തി അതിരൂപതയിൽ 63,335 കത്തോലിക്ക വിശ്വാസികളാണുള്ളത്.

1969 ഫെബ്രുവരി 27 ന് ആസാമിലെ കോനാപത്തറിൽ ജനിച്ച അദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഷില്ലോങ്ങിലെ ഓറിയൻസ് ദൈവശാസ്ത്ര കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1999 ഏപ്രിൽ 25 നായിരുന്നു പൗരോഹിത്യ അഭിഷേകം. ബംഗളൂരു സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ കോളജിൽ നിന്ന് കാനോനിക നിയമത്തിൽ ലൈസൻഷ്യേറ്റ് നേടിയ 2014 ൽ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.

1999 ൽ പൗരോഹിത്യം സ്വീകരിച്ച ശേഷം രൂപതയുടെ വിവിധ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചു. 2003 മുതൽ സെന്റ് ജോസഫ് മൈനർ സെമിനാരിയുടെ പ്രീഫെക്റ്റ്, രൂപതയുടെ ജുഡീഷ്യൽ വികാരി, മൈനർ സെമിനാരി റെക്ടർ, ഓറിയൻസ് ദൈവശാസ്ത്ര കോളേജിൽ അധ്യാപകൻ എന്നിങ്ങനെ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്.

2018 ഡിസംബർ രണ്ടിനാണ് ഫ്രാൻസിസ് പാപ്പ മാർ ആൽബർട്ടിനെ ദിബ്രുഗഢ് സഹായമെത്രാനായി നിയമിച്ചത്. തുടർന്ന് 2019 ഫെബ്രുവരി 24-നായിരുന്നു മെത്രാഭിഷേകം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.