കരിമ്പ് എഥനോളിലേക്ക് വഴിമാറി: സംസ്ഥാനത്ത് പഞ്ചസാര വില കത്തിക്കയറുന്നു; ഒരു മാസത്തിനിടെ കൂടിയത് 520 രൂപ

കരിമ്പ് എഥനോളിലേക്ക് വഴിമാറി: സംസ്ഥാനത്ത് പഞ്ചസാര വില കത്തിക്കയറുന്നു; ഒരു മാസത്തിനിടെ കൂടിയത് 520 രൂപ

കോഴിക്കോട്: പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഇ-20 പെട്രോളിന്റെ വരവ് കേരളത്തിലെ അടുക്കളകളില്‍ കയ്പുനിറയ്ക്കുന്നു. എഥനോള്‍ നിര്‍മാണത്തിനായി കരിമ്പ് വ്യാപകമായി വഴിതിരിച്ചുവിട്ടതോടെ ആഭ്യന്തര വിപണിയില്‍ പഞ്ചസാരയ്ക്ക് വന്‍ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം മൊത്തവ്യാപാര വിപണിയില്‍ പഞ്ചസാര ക്വിന്റലിന് 520 രൂപയാണ് വര്‍ധിച്ചത്.

ജനുവരിയില്‍ ക്വിന്റലിന് 4380 രൂപയുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ വില 4900 രൂപയിലെത്തി നില്‍ക്കുകയാണ്. ഇത് ചില്ലറ വില്‍പ്പന രംഗത്ത് കിലോയ്ക്ക് ആറ് രൂപ വരെയുള്ള വര്‍ധനവിന് കാരണമാകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍, പഞ്ചസാര ഉല്‍പാദനത്തെക്കാള്‍ ലാഭകരം കരിമ്പില്‍ നിന്ന് നേരിട്ട് എഥനോള്‍ നിര്‍മിക്കുന്നതാണെന്ന വിലയിരുത്തലിലാണ് മില്ലുടമകള്‍. ഇതാണ് വിപണിയിലെ പെട്ടെന്നുള്ള ക്ഷാമത്തിന് വഴിതെളിച്ചത്. ഇതിനുപുറമെ എല്‍നിനോ പ്രതിഭാസത്തെത്തുടര്‍ന്ന് മണ്‍സൂണ്‍ വൈകിയതും കരിമ്പ് കൃഷിയെ ബാധിച്ചു. കേരളത്തിലേക്ക് പ്രധാനമായും പഞ്ചസാരയെത്തുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നി സംസ്ഥാനങ്ങളില്‍ ഉല്‍പാദനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കാലാവസ്ഥാ വ്യതിയാനവും എഥനോള്‍ നിര്‍മാണവും രാജ്യത്തെ പഞ്ചസാര ലഭ്യതയെ ബാധിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിപണി സുരക്ഷിതമാക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30 വരെ പഞ്ചസാരയുടെ വിദേശ കയറ്റുമതിക്ക് കേന്ദ്രം പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എങ്കിലും വിപണിയിലെ താല്‍കാലിക പ്രതിസന്ധി മറികടക്കാന്‍ ഈ നിയന്ത്രണങ്ങള്‍ കൊണ്ട് മാത്രം സാധിക്കില്ലെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.