നിർബന്ധിത മതപരിവർത്തനവും വിവാഹവും; പാകിസ്ഥാനിലെ 13 വയസുകാരിയുടെ കേസ് വീണ്ടും കോടതിയിലേക്ക്

നിർബന്ധിത മതപരിവർത്തനവും വിവാഹവും; പാകിസ്ഥാനിലെ 13 വയസുകാരിയുടെ കേസ് വീണ്ടും കോടതിയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാക്കിയ കേസിൽ വിവാദമായ പഴയ വിധി പുനപരിശോധിക്കാൻ ഫെഡറൽ ഭരണഘടനാ കോടതി തീരുമാനിച്ചു. 13 വയസുകാരിയായ മരിയ ഷഹബാസിനെ അക്രമിയോടൊപ്പം വിട്ടയച്ച കോടതിയുടെ നടപടി വലിയ പ്രതിഷേധങ്ങൾക്കും അന്താരാഷ്ട്ര വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ജൂലൈ 24 നാണ് ഈ കേസിൽ കോടതി വീണ്ടും വാദം കേൾക്കുക.

കഴിഞ്ഞ വർഷം ജൂലൈയിലാണ് 30-കാരനായ ഷെഹ്രിയാർ അഹമ്മദ് ലാഹോറിൽ നിന്ന് മരിയയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.

മാതാപിതാക്കൾ നിയമ പോരാട്ടം നടത്തിയെങ്കിലും കേസ് പരിഗണിച്ച ഫെഡറൽ ഭരണഘടനാ കോടതി പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിക്കാൻ വിസമ്മതിക്കുകയും അവൾക്ക് പ്രായപൂർത്തിയായെന്ന് അനുമാനിച്ച് കസ്റ്റഡി ഭർത്താവിന് നൽകുകയുമായിരുന്നു.

വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിട്ടും കോടതി അത് പരിഗണിക്കാൻ തയ്യാറായില്ല. പാകിസ്ഥാൻ നിയമ പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സമ്മതത്തിന് നിയമസാധുതയില്ലെന്നിരിക്കെയാണ് ഇത്തരമൊരു വിധി ഉണ്ടായത്.

ന്യൂനപക്ഷ പെൺകുട്ടികൾക്കെതിരായ ഈ ക്രൂരതയ്ക്കും കോടതിവിധിക്കുമെതിരെ ക്രൈസ്തവ സംഘടനകളും 'അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം' പോലുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളും ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ജൂലൈ ഒമ്പതിന് യൂറോപ്യൻ പാർലമെന്റ് ഈ കേസ് പ്രത്യേകം പരാമർശിച്ച് പാകിസ്ഥാനെതിരെ പ്രമേയം പാസാക്കി.

മരിയയ്ക്ക് നീതി ഉറപ്പാക്കണമെന്നും മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം അന്താരാഷ്ട്ര വ്യാപാര ആനുകൂല്യങ്ങൾ റദ്ദാക്കുമെന്നും യൂറോപ്യൻ യൂണിയൻ കർശന മുന്നറിയിപ്പ് നൽകി. ഈ സമ്മർദങ്ങൾക്കൊടുവിലാണ് കേസ് വീണ്ടും പരിഗണിക്കാൻ പരമോന്നത കോടതി തയ്യാറായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.