വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍: എം.ബി.ബി.എസ് ട്യൂഷന്‍ ഫീസ് ഇനി നാലര വര്‍ഷത്തേക്ക് മാത്രം

വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍: എം.ബി.ബി.എസ് ട്യൂഷന്‍ ഫീസ് ഇനി നാലര വര്‍ഷത്തേക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസം നല്‍കിക്കൊണ്ട് എം.ബി.ബി.എസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് നാലര വര്‍ഷമായി നിജപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍.എം.സി) കര്‍ശന നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ സുപ്രധാന തീരുമാനം. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫീസ് റെഗുലേറ്ററി കമ്മിറ്റി സംസ്ഥാനത്തെ എം.ബി.ബി.എസ് ഫീസ് ഘടന അടിയന്തരമായി പുതുക്കി നിശ്ചയിക്കും.

മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നല്‍കുന്ന കാര്യത്തില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. നിലവിലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ചട്ടപ്രകാരം എം.ബി.ബി.എസ് കോഴ്‌സിന്റെ അക്കാദമിക് കാലാവധി നാലര വര്‍ഷമാണ്. എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം സ്വാശ്രയ മെഡിക്കല്‍ കോളജുകളും ഈ നാലര വര്‍ഷത്തെ കോഴ്‌സിനെ അഞ്ച് വര്‍ഷമായി കണക്കാക്കി വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അധികമായി വാങ്ങിയിരുന്നു.

ഇത് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരുന്നത്. ഈ ചൂഷണത്തിനാണ് പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ അറുതിയാകുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും ഒരുപോലെ ബാധകമായ രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നാലര വര്‍ഷത്തെ അക്കാദമിക് പഠനവും ഒരു വര്‍ഷത്തെ നിര്‍ബന്ധിത റൊട്ടേറ്റിങ് ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുന്നതാണ് എം.ബി.ബി.എസ് കോഴ്‌സിന്റെ ആകെ കാലാവധി.

പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.