വി.എസിനെ മറന്ന് ദേശാഭിമാനി; അച്ചടിച്ച ശേഷം ഓർ‌മ്മക്കുറിപ്പ് ഒഴിവാക്കി; സാങ്കേതിക പിഴവെന്ന് വിശദീകരണം

വി.എസിനെ മറന്ന് ദേശാഭിമാനി; അച്ചടിച്ച ശേഷം ഓർ‌മ്മക്കുറിപ്പ് ഒഴിവാക്കി; സാങ്കേതിക പിഴവെന്ന് വിശദീകരണം

തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തയാറാക്കിയ ദേശാഭിമാനി വാരാന്തപ്പതിപ്പ് വിതരണം ചെയ്യാതെ ഒഴിവാക്കി. വി.എസിനെക്കുറിച്ചുള്ള പ്രത്യേക ഓർമ്മക്കുറിപ്പുകൾ അടങ്ങുന്ന പതിപ്പ് അച്ചടി പൂർത്തിയായതിന് ശേഷമാണ് വിതരണം വേണ്ടെന്ന് തീരുമാനിച്ചത്.

വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി സുധാകരൻ എഴുതിയ ഓർമ്മക്കുറിപ്പായിരുന്നു ഈ ലക്കത്തിന്റെ പ്രത്യേകത. എല്ലാ ഞായറാഴ്ചകളിലും പതിവായി പുറത്തിറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഇന്നത്തെ പത്രത്തോടൊപ്പം ഉണ്ടായിരുന്നില്ല. സാങ്കേതിക പിഴവുണ്ടായതുകൊണ്ടാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തതെന്നാണ് പത്രത്തിൽ നൽകിയിരിക്കുന്ന ഔദ്യോഗിക വിശദീകരണം.

എങ്കിലും അച്ചടി പൂർത്തിയായ ശേഷം ഇത്തരമൊരു പതിപ്പ് വിതരണം ചെയ്യാതെ മാറ്റിനിർത്തിയത് പാർട്ടി വൃത്തങ്ങളിലും മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. വി.എസിനെപ്പോലെ ഒരാളുടെ ചരമവാർഷിക ദിനത്തിൽ അദേഹത്തെക്കുറിച്ചുള്ള ലേഖനം ഉൾപ്പെട്ട പതിപ്പ് ഒഴിവാക്കിയത് എന്തിനാണെന്ന കാര്യത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ദുരൂഹത ഉയരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.