തിരുവനന്തപുരം: വിഴിഞ്ഞത്ത് മീന്‍പിടിത്ത വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വലിയവേളി അലീന നിവാസില്‍ ജോണ്‍ ബോസ്‌കോ (61) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം 4:45 ന് സൗത്ത് തുമ്പ കടപ്പുറത്തിന് സമീപമായിരുന്നു അപകടം നടന്നത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് നാല് തൊഴിലാളികള്‍ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു.
വള്ളത്തിന്റെ ഉടമയായ അജി, തോമസ്, യൗസേപ്പ്, സഞ്ജീവ് എന്നിവര്‍ക്കൊപ്പമാണ് ജോണ്‍ ബോസ്‌കോ കടലില്‍ പോയത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ പെട്ടെന്നുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടയുടന്‍ അജിയും സംഘവും നീന്തി കരയ്ക്കടുത്തെങ്കിലും, ശക്തമായ അടിയൊഴുക്കില്‍പ്പെട്ട ജോണ്‍ ബോസ്‌കോ കടലില്‍ താഴ്ന്നുപോകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ തിരച്ചില്‍ നടത്തി ജോണ്‍ ബോസ്‌കോയെ അബോധാവസ്ഥയില്‍ കരയിലെത്തിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ചാക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട വിവരമറിഞ്ഞ് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പരേതയായ മീനയാണ് ജോണ്‍ ബോസ്‌കോയുടെ ഭാര്യ. ഷിബു, അലീന എന്നിവര്‍ മക്കളാണ്.