അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോക ചാംപ്യന്മാർ; വിജയഗോൾ നേടി ഫെറാൻ ടോറസ്

അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോക ചാംപ്യന്മാർ; വിജയഗോൾ നേടി ഫെറാൻ ടോറസ്

ന്യൂജഴ്സി: ആവേശകരമായ ഫൈനലിൽ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാംപ്യന്മാർ. എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിനാണ് സ്പാനിഷ് പടയുടെ ചരിത്ര വിജയം. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്ത് മികച്ചൊരു ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച ടോറസ് സ്പെയിനിന്റെ വിജയശില്പിയായി മാവുകയായിരുന്നു.

ഈ വിജയത്തോടെ ചരിത്രത്തിൽ രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചാണ് സ്പാനിഷ് പട ഇതിനു മുൻപ് ലോകകപ്പ് ജേതാക്കളായത്. ഫൈനലിൽ പ്രവേശിച്ച രണ്ട് തവണയും വിശ്വവിജയികളായി എന്ന അപൂർവ്വ നേട്ടവും സ്പെയിൻ സ്വന്തമാക്കി.

മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലർത്തിയ സ്പെയിൻ അർജന്റീന ഗോൾമുഖത്തേക്ക് നിരന്തരം ഇരച്ചുകയറി. മത്സരത്തിലെ ഇരുപതാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ കടുപ്പമേറിയ പ്രതിരോധം മറികടന്ന് സ്പെയിൻ ലക്ഷ്യം കണ്ടത്. അഞ്ചാം മിനിറ്റിൽ ലമീൻ യമാലിന്റെ ഷോട്ടിലൂടെ തുടങ്ങിയ സ്പാനിഷ് മുന്നേറ്റങ്ങൾ അർജന്റീന പ്രതിരോധത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്.

ഒയർസബാൽ, പെദ്രി, പൗ കുബാർസി, ഐമെറിക് ലപോർട്ട് എന്നിവരുടെയൊക്കെ മികച്ച ഷോട്ടുകൾ തടഞ്ഞിട്ട് അർജന്റീനയെ മത്സരത്തിൽ നിലനിർത്തിയത് ഗോളി എമിലിയാനോ മാർട്ടിനസ് ആയിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിൽ പൗ കുബാർസിയെ ഫൗൾ ചെയ്തതിന് അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന് റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കിയത് ടീമിന് വലിയ തിരിച്ചടിയായി.

നിശ്ചിത സമയത്ത് ഗോളുകൾ പിറക്കാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. അധികസമയത്തിന്റെ തുടക്കത്തിൽ നിക്കോ വില്യംസ് പന്ത് വലയിലെത്തിച്ചെങ്കിലും ഫൗളിനെ തുടർന്ന് ഗോൾ അനുവദിച്ചില്ല. 106-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ സ്പെയിൻ അർജന്റീനയുടെ വല കുലുക്കി. തുടർന്ന് 113-ാം മിനിറ്റിൽ ടോറസ് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് വിധിച്ചു.

മത്സരത്തിൽ കനത്ത പ്രതിരോധത്തിലായിരുന്ന അർജന്റീന സ്പെയിൻ ഗോൾ നേടിയ ശേഷമാണ് തങ്ങളുടെ ആദ്യ ഗോൾ ശ്രമങ്ങൾ പോലും നടത്തിയത്. 117-ാം മിനിറ്റിൽ ഉൾപ്പെടെ അവസാന നിമിഷങ്ങളിൽ ലയണൽ മെസിയും സംഘവും സമനിലയ്ക്കായി രണ്ട് ഗോൾശ്രമങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധവും ഗോളി ഉനായ് സിമോണും അത് വിഫലമാക്കി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്പാനിഷ് താരങ്ങളുടെയും ആരാധകരുടെയും ആഹ്ലാദാരവങ്ങളിൽ ന്യൂജഴ്സി മൈതാനം ഇളകിമറിഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.