കീവ്: യൂറോപ്പിന്റെ ചരിത്രത്തിലെ മുറിവുകൾ ഉണങ്ങാനായി വേണ്ടത് ക്ഷമയും അനുരഞ്ജനവുമാണെന്ന് യുക്രെയ്നിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവൻ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് വ്യക്തമാക്കി. രാജ്യത്തെ ലത്തീൻ സഭാ സംവിധാനത്തിന്റെ പുനഃസംഘടനയുടെ 35-ാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ സെക്രട്ടറി ഫോർ റിലേഷൻസ് വിത് സ്റ്റേറ്റ്സ് ആൻഡ് ഇന്റർനാഷണൽ ഓർഗനൈസേഷൻസ് ആർച്ച് ബിഷപ്പ് ഗല്ലാഘർ യുക്രൈൻ സന്ദർശിച്ച വേളയിലാണ് ഈ പ്രതികരണം.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ചരിത്രപ്രസിദ്ധമായ യുക്രെയ്ൻ സന്ദർശനത്തെ മേജർ ആർച്ച് ബിഷപ്പ് അനുസ്മരിച്ചു. ക്ഷമിക്കുകയും ആ ക്ഷമ സ്വീകരിക്കുകയും ചെയ്യുന്നതാണ് മനുഷ്യ മനസുകളിലെ യുദ്ധമുറിവുകൾ സുഖപ്പെടുത്താനുള്ള യഥാർത്ഥ ഔഷധമെന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഉദ്ബോധിപ്പിച്ചിരുന്നുവെന്ന് സഭാതലവൻ എടുത്തുപറഞ്ഞു. ക്ഷമയിലൂടെ മെച്ചപ്പെട്ട ഒരു ഭാവി പടുത്തുയർത്താൻ സാധിക്കുമെന്നും യൂറോപ്യൻ ജനതയുടെ ചരിത്രമുറിവുകൾ സൗഖ്യപ്പെടുത്താനുള്ള മാർഗം അതുതന്നെയാണെന്നും അദേഹം അഭിപ്രായപ്പെട്ടു.
ദീർഘനാളുകളായി യുക്രെയ്ൻ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളും ആക്രമണങ്ങളും മൂലം സാധാരണജനം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തിൽ പാപ്പയുടെ പ്രതിനിധികൾ നേരിട്ടെത്തിയത് യുക്രെയ്ൻ ജനതയ്ക്ക് വലിയ ആത്മീയ ആശ്വാസമാണ് നൽകുന്നത്. സാർവത്രിക സഭയും പരിശുദ്ധ പിതാവും തങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നുവെന്ന വലിയ ഉറപ്പാണ് ഈ സന്ദർശനം നൽകുന്നതെന്നും മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ അതികഠിനമായ സാഹചര്യത്തിലും കത്തോലിക്കരും ഓർത്തഡോക്സ് സഭാംഗങ്ങളും പ്രൊട്ടസ്റ്റന്റുകാരും യഹൂദരും ഇസ്ലാം മതവിശ്വാസികളുമുൾപ്പെടെയുള്ളവർ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്ന് മേജർ ആർച്ച് ബിഷപ്പ് ചൂണ്ടിക്കാണിച്ചു. ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ മതപരമായ അതിർത്തികൾക്കപ്പുറമുള്ള മാതൃകാപരമായ സഹകരണമാണ് യുക്രെയ്നിൽ ഉണ്ടാകുന്നത്.
അതേസമയം ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം യുക്രെയ്നിൽ അൻപത് ലക്ഷത്തോളം ആളുകൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ ഇതിൽ ഇരുപത് ലക്ഷം പേർക്ക് മാത്രമാണ് നിലവിൽ ആവശ്യമായ സഹായങ്ങൾ എത്തിച്ചുനൽകാൻ സാധിച്ചിട്ടുള്ളതെന്നും മേജർ ആർച്ച് ബിഷപ്പ് ആശങ്കയോടെ പങ്കുവെച്ചു.