മാർ ഗ്രിഗറി കരോട്ടമ്പ്രേലിന്റെ മൃതസംസ്കാരം ചൊവ്വാഴ്ച രാജ്കോട്ടിൽ

മാർ ഗ്രിഗറി കരോട്ടമ്പ്രേലിന്റെ മൃതസംസ്കാരം ചൊവ്വാഴ്ച രാജ്കോട്ടിൽ

രാജ്കോട്ട്: സീറോ മലബാർ സഭ രാജ്കോട്ട് രൂപത മുൻ അധ്യക്ഷനും പ്രശസ്തനായ ദൈവശാസ്ത്ര പണ്ഡിതനുമായ മാർ ഗ്രിഗറി കരോട്ടമ്പ്രേലിന്റെ മൃതസംസ്കാരം ചൊവ്വാഴ്ച നടക്കും. രാജ്കോട്ടിലെ തിരുഹൃദയ കത്തീഡ്രലിലെ പ്രേം മന്ദിറിൽ വെച്ച് നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. ചടങ്ങിൽ നിരവധി മെത്രാന്മാരും വൈദികരും സഹകാർമ്മികരായി പങ്കെടുക്കും.

2010 ജൂലൈ 16 ന് ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ച ശേഷവും രാജ്കോട്ടിലെ സിഎംഐ പ്രൊവിൻഷ്യൽ ഹൗസിൽത്തന്നെയായിരുന്നു ബിഷപ്പ് ഗ്രിഗറി വിശ്രമ ജീവിതം നയിച്ചിരുന്നത്. പ്രാർത്ഥനയിലും ധ്യാനത്തിലുമായി സമയം ചെലവഴിച്ച അദേഹം വൈദികർക്കും സന്യാസികൾക്കും അല്മായർക്കും എക്കാലവും മികച്ച ആത്മീയ മാർ​ഗനിർ​ഗേശങ്ങൾ നൽകി സജീവ സാന്നിധ്യമായിരുന്നു.

ആറ് പതിറ്റാണ്ടിലേറെ നീണ്ട മാതൃകാപരമായ പൗരോഹിത്യ ശുശ്രൂഷയ്ക്കും കാൽ നൂറ്റാണ്ടിലേറെക്കാലത്തെ നിസ്തുലമായ മെത്രാൻ സ്ഥാനത്തിനുമാണ് ബിഷപ്പ് ഗ്രിഗറിയുടെ വിയോഗത്തോടെ തിരശീല വീണിരിക്കുന്നത്. പടിഞ്ഞാറൻ ഇന്ത്യയിൽ പൂർണമായ മിഷ്ണറി സമർപ്പണത്തിലൂടെയും ആഴമേറിയ ദൈവശാസ്ത്ര ജ്ഞാനത്തിലൂടെയും സ്നേഹനിധിയായ ഇടയൻ എന്ന നിലയിലും വലിയ ശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു മാർ ഗ്രിഗറി കരോട്ടമ്പ്രേൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.