ട്രാമോർ : അയർലണ്ടിലെ കൗണ്ടി വാട്ടർഫോർഡിലുള്ള ട്രാമോർ ഹോളി ക്രോസ് കത്തോലിക്ക ദേവാലയത്തിൽ ജപമാല പ്രാർത്ഥനയ്ക്കിടെ സ്ത്രീക്ക് കുത്തേറ്റു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ദേവാലയത്തിൽ ഈ അതിക്രമം നടന്നിരിക്കുന്നത്.
ആക്രമണത്തിൽ അൻപതു വയസുള്ള സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഉടൻ തന്നെ ഇവരെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കുകൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഐറിഷ് പൊലീസ് ഉടനടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത കത്തി വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രാദേശിക ക്രൈസ്തവ സമൂഹത്തെയും വിശ്വാസി സമൂഹത്തെയും ഒരുപോലെ ഞെട്ടിച്ച ഈ ആക്രമണത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രമുഖ നേതാക്കളെല്ലാം കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങൾ സമാധാനവും ആശ്വാസവും അഭയവും തേടിയെത്തുന്ന വിശ്വാസികളുടെ ഇടമാണെന്നും അവിടെ ഇത്തരമൊരു ആക്രമണം നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി ജോൺ കമ്മിൻസ് പ്രതികരിച്ചു.
പരിക്കേറ്റ സ്ത്രീയ്ക്കും കുടുംബത്തിനും തന്റെ പ്രാർത്ഥനയും പിന്തുണയും അറിയിച്ച അദേഹം സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. വാട്ടർഫോർഡ് എം.പി. ഡേവിഡ് കുലിനേനും സംഭവത്തിൽ അതീവ ദുഖവും വേദനയും രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും ദേവാലയങ്ങൾക്കും നേരെ അതിക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ട്രാമോറിലെ ഈ പുതിയ സംഭവവും ക്രൈസ്തവ സമൂഹത്തിനുള്ളിലെ ആശങ്കകൾക്ക് കൂടുതൽ ആക്കം കൂട്ടുന്നതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.