അബുജ: തീവ്രവാദികളുടെ ആക്രമണത്തിൽ ഭർത്താവ് കൊല്ലപ്പെടുകയും വീടും സർവ്വസ്വവും നഷ്ടപ്പെടുകയും ചെയ്ത ജുമൈ എന്ന നൈജീരിയൻ അമ്മയുടെ വാക്കുകളിൽ നീറുന്നത് ലോകത്തിനു മുന്നിലുള്ള ഒരു വലിയ ചോദ്യചിഹ്നമാണ്. "ഞങ്ങൾ നിരവധി വെല്ലുവിളികൾ നേരിടുന്നു, കിടക്കാൻ ഇടമില്ല, ഭക്ഷണം കണ്ടെത്താൻ കഴിയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ ഞങ്ങളുടെ കുട്ടികളുടെ പ്രശ്നങ്ങൾ നിങ്ങളെങ്ങനെ പരിഹരിക്കും?" ജുമൈയെപ്പോലെ ലക്ഷക്കണക്കിന് ക്രൈസ്തവ കുടുംബങ്ങളാണ് വടക്കേ നൈജീരിയയിൽ ക്രൂരമായ സംഘർഷങ്ങളുടെയും കടുത്ത പട്ടിണിയുടെയും നർദത്തിൽ ജീവിതം മുന്നോട്ട് നയിക്കാൻ പാടുപെടുന്നത്.
ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, വടക്കേ നൈജീരിയയിൽ ദശകങ്ങളായി കണ്ടിട്ടില്ലാത്തത്ര വലിയ തോതിലാണ് പട്ടിണിയും അരക്ഷിതാവസ്ഥയും പടരുന്നത്. പ്രത്യേകിച്ച് വടക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ തീവ്രവാദ ആക്രമണങ്ങൾ ജനങ്ങളെ കൃഷിയിടങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുകയും പലായനത്തിന് നിർബന്ധിതരാക്കുകയും ചെയ്തിരിക്കുന്നു. സംഘർഷ ബാധിതമായ ഒൻപത് സംസ്ഥാനങ്ങളിലായി 1.7 കോടിയിലധികം ആളുകളാണ് നിലവിൽ അതിഭീകരമായ പട്ടിണിയെ നേരിടുന്നത്.
പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയ്ക്കായുള്ള ഡബ്ല്യു.എഫ്.പി റീജിയണൽ ഡയറക്ടർ കിന്ദ സാംബ ചൂണ്ടിക്കാണിക്കുന്നത് പോലെ വിമത ആക്രമണങ്ങൾ ഇപ്പോൾ കൂടുതൽ വിശാലമായ പ്രദേശങ്ങളിലേക്ക് വ്യാപിച്ച് മാനുഷിക സഹായങ്ങളെപ്പോലും പരിമിതപ്പെടുത്തിയിരിക്കുകയാണ്. നൈജീരിയ, കോംഗോ, സുഡാൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങൾ ഡബ്ല്യുഎഫ്പിയുടെ ഏറ്റവും ഉയർന്ന ആശങ്കയുള്ള ഹോട്ട്‌സ്പോട്ടുകളായി തുടരുമ്പോൾ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് പാർശ്വവൽക്കരിക്കപ്പെട്ട ക്രൈസ്തവ സമൂഹങ്ങളാണ്.
വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ കടുന, കട്സിന തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ നേരിടുന്നത് കടുത്ത പീഡനങ്ങളാണ്. സ്വന്തം വീടുകളിൽ നിന്ന് തുരത്തപ്പെടുകയും, പ്രിയപ്പെട്ടവർ തട്ടിക്കൊണ്ടുപോകപ്പെടുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് അവിടത്തെ വിശ്വാസികൾ കടന്നുപോകുന്നത്. അക്രമവും അസ്ഥിരതയും കാരണം ഉപജീവനമാർഗങ്ങൾ പൂർണമായി നഷ്ടപ്പെട്ട ആയിരക്കണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ ഇന്ന് അക്ഷരാർത്ഥത്തിൽ തകർച്ചയുടെ വക്കിലാണ്.
ഭക്ഷണമോ പാർപ്പിടമോ ഇല്ലാത്ത ഭീകരമായ അവസ്ഥ കാരണം ചില കുട്ടികൾ ജീവതരക്ഷയ്ക്കായി തെറ്റായ വഴികളിലേക്ക് തിരിയുന്നതായും ചില സ്ത്രീകൾ അതിജീവനത്തിനായി ദുരിതങ്ങൾ പേറേണ്ടി വരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കടുത്ത ദാരിദ്ര്യവും അരക്ഷിതാവസ്ഥയും മൂലം ദുരിതമനുഭവിക്കുന്ന ഈ ക്രൈസ്തവ സഹോദരങ്ങൾക്കായി പ്രാർത്ഥിക്കാനും അവരെ കൈത്താങ്ങോടെ സഹായിക്കാനുമുള്ള ആഹ്വാനവുമായി വിവിധ ക്രൈസ്തവ സംഘടനകളും സഭകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
സഹായത്തിനായി സഭകളെയും സുമനസുകളെയും മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ് നിലവിൽ ഈ വിശ്വാസികളിൽ പലരും. അടിയന്തര മാനുഷിക ഇടപെടലുകളും ശക്തമായ പ്രാർത്ഥനാ പിന്തുണയും ആവശ്യമുള്ള ഈ പ്രതിസന്ധി ഘട്ടത്തിൽ അടിച്ചമർത്തപ്പെടുന്ന നൈജീരിയൻ ക്രൈസ്തവ കുടുംബങ്ങൾക്കൊപ്പം നിൽക്കേണ്ടത് ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന്റെ കടമയാണ്.