ചൈനയിൽ പുതിയ ബിഷപ്പിനെ നിയമിച്ചു മാർപാപ്പ; ചിഫെങ് രൂപതയുടെ മെത്രാനായി ജോസഫ് ചാങ് യാൻഫെങ് ചുമതലയേറ്റു

ചൈനയിൽ പുതിയ ബിഷപ്പിനെ നിയമിച്ചു മാർപാപ്പ; ചിഫെങ് രൂപതയുടെ മെത്രാനായി ജോസഫ് ചാങ് യാൻഫെങ് ചുമതലയേറ്റു

വത്തിക്കാൻ സിറ്റി: പരിശുദ്ധ സിംഹാസനവും ബീജിങും തമ്മിലുള്ള ബിഷപ്പുമാരുടെ നിയമന കരാറിന്റെ അടിസ്ഥാനത്തിൽ ചൈനയിൽ പുതിയ ബിഷപ്പിനെ നിയമിച്ചു. ചൈനയിലെ ഇന്നർ മംഗോളിയൻ പ്രദേശത്തുള്ള ചിഫെങ് രൂപതയുടെ മെത്രാനായി ജോസഫ് ചാങ് യാൻഫെങ്ങിനെയാണ് ലിയോ മാർപാപ്പ നിയമിച്ചത്.

ജൂൺ 15 ന് മാർപാപ്പ അംഗീകാരം നൽകിയ ഈ നിയമനത്തെ തുടർന്ന് ബിഷപ് ചാങ് യാൻഫെങ്ങിന്റെ മെത്രാഭിഷേകച്ചടങ്ങുകൾ ജൂലൈ 22 ന് നടന്നു. 2021 ഒക്ടോബർ മുതൽ ചിഫെങ് രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി അദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

1984 ഏപ്രിൽ നാലിന് ചൈനയിലെ ലിയോണിങ് പ്രവിശ്യയിലുള്ള ബെയ്ഷെനിലാണ് ജോസഫ് ചാൻ ജനിച്ചത്. 2000 മുതൽ 2006 വരെ ഷെന്യാങ് തിയോളജിക്കൽ സെമിനാരിയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച അദേഹം തുടർന്ന് തെക്കൻ കൊറിയയിലെ ഡെജിയോൺ കത്തോലിക്കാ സർവകലാശാലയിൽ നിന്ന് ബിബ്ലിക്കൽ തിയോളജിയിൽ ഉന്നത ബിരുദം നേടി.

2010 നവംബർ 18 നാണ് ചിഫെങ് രൂപതയ്ക്ക് വേണ്ടി പട്ടം സ്വീകരിച്ചത്. 2013 മുതൽ 2019 വരെ ചിഫെങ് കത്തീഡ്രലിലെ വികാരിയായും തുടർന്ന് 2021 വരെ ലിൻഡോംഗ് ഇടവകയിലും സേവനമനുഷ്ഠിച്ച ശേഷമാണ് 2021 ഒക്ടോബറിൽ രൂപതാ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റത്.

വത്തിക്കാൻ - ചൈന ബന്ധത്തിലെ നിർണായക ചുവടുവെപ്പ്ഈ നിയമനം ചൈനയിലെ കത്തോലിക്കാ സഭയുമായി സമാധാനപരമായ ബന്ധം തുടരാൻ വത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വത്തിക്കാൻ-ചൈന കരാറിനെ പൂർണമായും മാനിച്ചുകൊണ്ട് നടപ്പിലാക്കിയ ഈ നിയമനം ഇരു രാജ്യങ്ങൾക്കുമിടയിലെ നയപരമായ തുടർച്ച കൂടിയാണ് വ്യക്തമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.