നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഡൽഹിയിലെ യുവജന പ്രക്ഷോഭത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെഎൽസിഎ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഡൽഹിയിലെ യുവജന പ്രക്ഷോഭത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെഎൽസിഎ

കൊച്ചി: ഡൽഹിയിലെ യുവജന പ്രക്ഷോഭത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ). നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ രാജ്യത്തിന് തീരാകളങ്കമാണെന്ന് കെഎൽസിഎ വ്യക്തമാക്കി.

24 ലക്ഷം പേർ പരീക്ഷ എഴുതിയ നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ മൂല്യനിർണയം പാളിയതും കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണ്. ജനാധിപത്യ രീതിയിൽ സമരം നടത്തിയ വിദ്യാർത്ഥികളെ അതിക്രൂരമായി മർദിച്ച പൊലീസ് നടപടികൾ മനുഷ്യത്വരഹിതമാണെന്നും, കേന്ദ്ര സർക്കാർ സമരക്കാരുമായി ചർച്ച നടത്തി പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവർ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ രംഗത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളും വിദ്യാർത്ഥി സമൂഹവും നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് കെഎൽസിഎയുടെ നേതൃത്വത്തിൽ നടത്തുന്ന ഐക്യദാർഢ്യ പരിപാടികൾ ചർച്ച ചെയ്യുന്നതിന് ശനിയാഴ്ച എറണാകുളത്ത് യോഗം ചേരും. സമരം ഒത്തുതീർപ്പായില്ലെങ്കിൽ ഓഗസ്റ്റ് മാസം ജന്തർ മന്ദിറിൽ കെഎൽസിഎയുടെ നേതൃത്വത്തിൽ യുവജന സമര പോരാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ സംഗമം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

കെഎൽസിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ ആധ്യാത്മിക ഉപദേഷ്ടാവ് മോൺ. ജോസ് നവസ്, ട്രഷറർ രതീഷ് ആന്റണി, വൈസ് പ്രസിഡന്റുമാരായ എബി കുന്നേപറമ്പിൽ, അലക്സ് താലൂപാടത്ത്, നൈജു അറയ്ക്കൽ, പൈലി ആലുങ്കൽ, പാട്രിക്ക് മൈക്കിൾ, സി.ജെ. പോൾ, സെക്രട്ടറിമാരായ ഉഷ ലാസർ, ക്രിസ്റ്റഫർ എസ്, കോൺക്ളിൻ ജിമ്മി, ജയൻ കുന്നേൽ, ജോൺ ബാബു, ഷീബ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.