ജനീവ: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം തടങ്കലിലാക്കിയ മെത്രാന്റെ നിലവിലെ അവസ്ഥ പുറംലോകത്തെ അറിയിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്കാണ് ജൂൺ അവസാനം മുതൽ യാതൊരു വിവരവുമില്ലാത്ത ബിഷപ്പ് അബെലാർഡോ മാറ്റ എവിടെയാണെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ നൽകണമെന്ന് നിക്കരാഗ്വേ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 29 നാണ് എൺപതുകാരനായ ബിഷപ്പ് അബെലാർഡോ മാറ്റ ഗുവേരയെ ഭരണകൂടം തടവിലാക്കിയത്. എന്നാൽ അദേഹം എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നോ ഉള്ള ഒരു വിവരവും ഇതുവരെ ലഭ്യമല്ല. രാജ്യത്ത് കത്തോലിക്കാ സഭയ്ക്കും മറ്റ് മതവിഭാഗങ്ങൾക്കുമെതിരെ അരങ്ങേറുന്ന അടിച്ചമർത്തലുകളിൽ ഹൈക്കമ്മീഷണർ ആശങ്ക പ്രകടിപ്പിച്ചു.
അനിയന്ത്രിതമായി തടങ്കലിലാക്കപ്പെട്ട എല്ലാവരെയും ഉടൻ മോചിപ്പിക്കണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം തടവുകാരോട് മാനുഷികവും മാന്യവുമായ രീതിയിൽ പെരുമാറുന്നുവെന്ന് ഉറപ്പാക്കണമെന്നും അദേഹം അഭ്യർത്ഥിച്ചു.
കഴിഞ്ഞ ജൂൺ 28 ന് രാജ്യത്തെ പീഡിപ്പിക്കപ്പെടുന്ന സഭയ്ക്കുവേണ്ടി വിശുദ്ധ ബലിയർപ്പിച്ച് പ്രാർത്ഥന നടത്തിയതിന്റെ പിറ്റേദിവസമാണ് ബിഷപ്പ് അബെലാർഡോയെ ഭരണകൂടം അറസ്റ്റ് ചെയ്തത്.