മാർപാപ്പയുടെ ഉക്രെയ്ൻ സന്ദർശനം പരിഗണനയിൽ; സൂചന നൽകി വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി

മാർപാപ്പയുടെ ഉക്രെയ്ൻ സന്ദർശനം പരിഗണനയിൽ; സൂചന നൽകി വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി

കീവ്: റഷ്യൻ ആക്രമണങ്ങൾക്കിടയിലും പൊരുതിനിൽക്കുന്ന ഉക്രെയ്ൻ ജനതയ്ക്ക് പിന്തുണയുമായി വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗലാഘറുടെ ആറുദിവസം നീണ്ട ഉക്രെയ്ൻ സന്ദർശനം പൂർത്തിയായി. ഉക്രെയ്ൻ സന്ദർശിക്കാനുള്ള മാർപാപ്പയുടെ ക്ഷണം വത്തിക്കാൻ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരമാവധി ഫലം നൽകുന്നതിന് അനുയോജ്യമായ സാഹചര്യവും സമയവും പരിശോധിച്ചു വരികയാണെന്നും അദേഹം വ്യക്തമാക്കി.

തീവ്രമായ യുദ്ധക്കെടുതികൾക്കിടയിലും സ്വാതന്ത്ര്യത്തിനും സമാധാനത്തിനുമായി കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറായ ഒരു ജനതയെയാണ് ഉക്രെയ്നിൽ കണ്ടതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. തടവുകാരുടെയും കുട്ടികളുടെയും മോചനത്തിനായി കർദിനാൾ മത്തേയോ സൂപിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ ഇടപെടലുകളും റഷ്യയുമായുള്ള നയതന്ത്ര ചർച്ചകളും വത്തിക്കാൻ തുടരുമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

ബെർഡിച്ചീവിലെ ദേശീയ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ലാറ്റിൻ കത്തോലിക്കാ സഭയുടെ പുനസ്ഥാപനത്തിന്റെ 35-ാം വാർഷികാഘോഷങ്ങളിലും ആർച്ച് ബിഷപ്പ് പങ്കെടുത്തു. വർഷങ്ങൾക്ക് ശേഷം തുറസായ സ്ഥലത്ത് നടന്ന വിശുദ്ധ കുർബാനയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ചത്.

പ്രാർത്ഥനയിലും ദൈവവിശ്വാസത്തിലും അധിഷ്ഠിതമായ ജനങ്ങളുടെ പ്രതീക്ഷ ഒടുവിൽ സമാധാനം കൊണ്ടുവരുമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. സന്ദർശനത്തിന്റെ ഭാഗമായി ഉക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഉൾപ്പെടെയുള്ള ഉന്നത അധികാരികളുമായി ആർച്ച് ബിഷപ്പ് നയതന്ത്ര ചർച്ചകളും നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.