വാഷിങ്ടൺ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന് നൽകി വരുന്ന വാർഷിക സാമ്പത്തിക സഹായം നിർത്തിവെക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ യു.എസ് ജനപ്രതിനിധി സഭ പാസാക്കി. അടുത്ത സാമ്പത്തിക വർഷം മുതൽ നൈജീരിയൻ ഭരണകൂടത്തിനുള്ള സഹായം പൂർണമായും തടയാൻ ഉദ്ദേശിച്ചുള്ള ബില്ലിനെ 217 അംഗങ്ങളാണ് അനുകൂലിച്ചത്.
നൈജീരിയയിലെ ക്രിസ്ത്യൻ ജനവിഭാഗത്തിന്റെ ദയനീയ സാഹചര്യങ്ങളിൽ നിസംഗത പാലിക്കുന്ന ഭരണകൂടത്തിന് താക്കീത് നൽകുക എന്ന ലക്ഷ്യത്തോടെ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങളായ റൈലി മൂർ, ജെഫ് സ്റ്റ്യൂബ് എന്നിവരാണ് ഈ ബിൽ അവതരിപ്പിച്ചത്. മതപരമായ അക്രമങ്ങൾക്കിരയാകുന്ന ക്രിസ്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കാൻ ഫലപ്രദമായ നടപടികൾ നൈജീരിയ സ്വീകരിക്കുന്നത് വരെ സഹായം പരിമിതപ്പെടുത്തണമെന്നാണ് ബില്ലിലെ പ്രധാന നിർദേശം.
വിദേശ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യ പരിപാടികൾക്ക് പിന്തുണയേകുക, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നിവയും ബില്ലിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. നൈജീരിയയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണെന്നും ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നുണ്ടെന്നും ഈ കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും അമേരിക്കൻ നേതൃത്വം ഇതിനോടകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.