'ചോരയ്ക്ക് ചോര'... ഇറാൻ്റെ മുഖ്യലക്ഷ്യം മെലാനിയ ട്രംപ്; ബാരൺ ട്രംപിനും ഭീഷണി: വിവാദ വീഡിയോ പുറത്തുവിട്ട് ഇറാൻ മാധ്യമം

 'ചോരയ്ക്ക് ചോര'... ഇറാൻ്റെ മുഖ്യലക്ഷ്യം  മെലാനിയ ട്രംപ്; ബാരൺ ട്രംപിനും ഭീഷണി: വിവാദ  വീഡിയോ പുറത്തുവിട്ട് ഇറാൻ മാധ്യമം

ടെഹ്റാൻ: അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന വിവാദ വീഡിയോ പുറത്തുവിട്ട് ഇറാനിലെ ‘തസ്‌നീം ന്യൂസ്’ ഏജൻസി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പുമായി ബന്ധമുള്ള മാധ്യമമാണിത്. ട്രംപിന്റെ മകൻ ബാരൺ ട്രംപിന് വിഡിയോയിൽ മുന്നറിയിപ്പും നൽകുന്നുണ്ട്.

'മെലാനിയയെ എവിടെ വെച്ച് കൊല്ലാം' എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വീഡിയോയിൽ ന്യൂയോർക്ക് നഗരത്തിൽ മെലാനിയ സഞ്ചരിക്കുന്ന വഴികളും അവർ പതിവായി സാധനങ്ങൾ വാങ്ങാൻ എത്തുന്ന ആഡംബര വസ്ത്ര ശാലകളുടെ വിവരങ്ങളും നൽകുന്നുണ്ട്.

മെലാനിയയുടെ ഫാഷൻ ഭ്രമമാണ് അവരുടെ ഏറ്റവും വലിയ ബലഹീനതയെന്നും ഇത്തരം ഷോപ്പിംഗ് യാത്രകൾ 'ആഗോള സ്വാതന്ത്ര്യ സമര പോരാളികൾക്ക്' ആക്രമണം നടത്താൻ അനുയോജ്യമായ അവസരമാണെന്നും വീഡിയോയിൽ അവകാശപ്പെടുന്നു.

അവർ വാങ്ങുന്ന വസ്ത്രങ്ങളിൽ നാഡീ വ്യൂഹത്തെ ബാധിക്കുന്ന വി.എക്സ് എന്ന അപകടകാരിയായ വിഷവാതകം കലർത്തി കൊലപ്പെടുത്താമെന്ന നിർദ്ദേശവും വീഡിയോയിൽ പറയു ന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്ത് മെലാനിയയുടെയും ഡൊണാൾഡ് ട്രംപിന്റെയും മകനായ ഇരുപതുകാരൻ ബാരൺ ട്രംപിന് നേരെയും ഭീഷണി മുഴക്കുന്നുണ്ട്. ‘ഇതൊരു തുടക്കം മാത്രമാണ്, ബാരൺ ട്രംപ്, ഞങ്ങൾക്കായി കാത്തിരിക്കൂ’ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

വിവാദ വീഡിയോ പുറത്തു വന്നതോടെ മെലാനിയ ട്രംപിന്‍റെയും ബാരൺ ട്രംപിന്‍റെയും സുരക്ഷ യുഎസ് സീക്രട്ട് സർവീസ് ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രധാന തെരുവുകളിൽ ട്രംപിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് കൊലവിളി പോസ്റ്ററുകളും ഭീമൻ ബോർഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ട്രംപിന്റെ മക്കളായ ഡൊണാൾഡ് ജൂനിയർ, ഇവാങ്ക, എറിക്, ടിഫാനി, ബാരൺ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി 'ചോരയ്ക്ക് ചോര' എന്നെഴുതിയ ബോർഡുകളാണ് ഉയർന്നത്. തനിക്കെതിരെ ഇറാനിൽ നിന്ന് വധ ശ്രമമുണ്ടായാൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ തിരിച്ചടി നൽകാൻ അമേരിക്കൻ സൈന്യത്തിന് മുൻകൂട്ടി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.