ലിമ: പെറുവിലെ അടുത്ത അഞ്ചു വർഷത്തേക്കുള്ള (2026-2031) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെയ്‌കോ സോഫിയ ഫുജിമോറി വിശുദ്ധ ബൈബിളിനെയും കുരിശ്രൂപത്തെയും സാക്ഷിയാക്കി പ്രതിജ്ഞയെടുത്ത് അധികാരം ഏറ്റെടുത്തു.
ദൈവത്തെയും മാതൃരാജ്യത്തെയും വിശുദ്ധ സുവിശേഷങ്ങളെയും സാക്ഷിയാക്കി രാജ്യം തന്നെയേൽപ്പിച്ചിരിക്കുന്ന ചുമതല വിശ്വസ്തതയോടെ നിർവഹിക്കുമെന്ന് കെയ്‌കോ സോഫിയ ഹിഗുച്ചി പ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും ശരിയായ വിധത്തിൽ നടപ്പിലാക്കുമെന്നും അരികുവൽക്കരിക്കപ്പെട്ടവരുടെ ശാരീരികവും ധാർമ്മികവുമായ ക്ഷേമം സംരക്ഷിക്കുമെന്നും അവർ ഉറപ്പുനൽകി.
"വിനയത്തോടെയും മാതൃരാജ്യത്തിന്റെ വിധിയിൽ പൂർണ ഹൃദയത്തോടെയുള്ള വിശ്വാസത്തോടെയുമാണ് ഞാൻ ഈ ചുമതലയേൽക്കുന്നത്. ദൈവത്തിന് നന്ദി അർപ്പിക്കുന്നതോടൊപ്പം പെറുവിന്റെ സേവനത്തിനായി ആരംഭിക്കുന്ന എല്ലാ പ്രവർത്തനങ്ങളും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു."- സ്ഥാനാരോഹണ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ പ്രസിഡന്റ് ഫുജിമോറി പറഞ്ഞു.
പെറുവിയൻ ജനതയുടെ സാംസ്കാരികവും ധാർമികവുമായ രൂപീകരണത്തിൽ കത്തോലിക്കാ സഭ വഹിച്ച സവിശേഷമായ പങ്ക് തന്റെ സത്യപ്രതിജ്ഞയിൽ ഫുജിമോറി പ്രത്യേകം എടുത്തുപറഞ്ഞു. രാജ്യവും കത്തോലിക്കാ സഭയും തമ്മിലുള്ള ചരിത്രപരമായ ആത്മബന്ധത്തെയും വിശ്വാസ പാരമ്പര്യത്തെയും വീണ്ടും ഉറപ്പിക്കുന്നതായിരുന്നു അവരുടെ വാക്കുകൾ.
പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും ക്രൈസ്തവ മൂല്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന നേതാവാണ് അടിയുറച്ച ദൈവവിശ്വാസിയായ കെയ്‌കോ സോഫിയ. രാജ്യത്തിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കായി പ്രാർത്ഥനാപൂർവ്വം മുന്നോട്ടുപോകാനാണ് പുതിയ ഭരണനേതൃത്വം ലക്ഷ്യമിടുന്നത്.