വാഷിങ്ടൺ: രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിനായി സേവനമനുഷ്ഠിച്ച മുൻ സൈനികൻ തന്റെ 98-ാം വയസിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. അരിസോണ, ജപ്പാനിലെ ഒക്കിനാവ, ഫിലിപ്പീൻസ്, ഇല്ലിനോയിസ് എന്നിവിടങ്ങളിൽ യുദ്ധകാലത്ത് സേവനം അനുഷ്ഠിച്ച റെയ്മണ്ട് മാർട്ടിനാണ് ജീവിതത്തിന്റെ സായാഹ്നത്തിൽ കത്തോലിക്കാ സഭയുടെ മക്കളായതത്. ഭാര്യയുടെ പ്രാർത്ഥനാ ജീവിതവും സഭയോടുള്ള ആഴമായ സമർപ്പണവുമാണ് വർഷങ്ങളോളം അദേഹത്തെ സ്വാധീനിച്ചത്.
പ്രിയപത്നി ആൽ മേരിയുടെ നിര്യാണത്തിന് ശേഷമാണ് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് കൂടുതൽ ഗൗരവത്തോടെ പഠിക്കാൻ റെയ്മണ്ട് തീരുമാനിച്ചത്. ഈ യാത്രയിൽ പെർമനന്റ് ഡീക്കനായ ജാക്ക് ട്രെവിനോയുമായുള്ള സൗഹൃദം നിർണായക വഴിത്തിരിവായി. സഭയുടെ പഠനങ്ങളെക്കുറിച്ചും കൂദാശകളുടെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അദേഹത്തിന്റെ സംശയങ്ങൾക്ക് ഡീക്കൻ ക്ഷമയോടെ മറുപടി നൽകി. ഇതോടെ കത്തോലിക്കാ സഭയിൽ അംഗമാകണമെന്ന ആഗ്രഹം റെയ്മണ്ടിൽ ശക്തമാവുകയായിരുന്നു.
തുടർന്ന് പ്രായത്തിന്റെ അവശതകൾ പോലും വകവെക്കാതെ പ്രായപൂർത്തിയായവർക്കായുള്ള കത്തോലിക്ക വിശ്വാസ പരിശീലനത്തിൽ അദേേഹം പങ്കുചേരുകയും ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കഠിനാനുഭവങ്ങളിലൂടെ കടന്നുപോയ ഒരു തലമുറയിൽപ്പെട്ട അദേഹം തന്റെ 98-ാം വയസിൽ കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നത് പ്രായം ഒരിക്കലും ദൈവകൃപ സ്വീകരിക്കുന്നതിന് തടസമല്ലെന്ന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഇടവകാംഗങ്ങൾ പറഞ്ഞു. മാമ്മോദീസ സ്വീകരിച്ച റെയ്മണ്ടിന് ഒപ്പം സ്ഥൈര്യലേപനവും വിശുദ്ധ കുർബാനയും നൽകി സഭ സ്വീകരിച്ചു.