മെല്‍ബണിലെ പ്രതിരോധ ഉപകരണ നിര്‍മ്മാണ കമ്പനിക്ക് നേരെ ആക്രമണം; ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വിക്ടോറിയ പൊലീസ്

മെല്‍ബണിലെ പ്രതിരോധ ഉപകരണ നിര്‍മ്മാണ കമ്പനിക്ക് നേരെ ആക്രമണം; ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വിക്ടോറിയ പൊലീസ്

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഭീകരവാദ ബന്ധമുണ്ടോയെന്ന് വിക്ടോറിയ പൊലീസും ഓസ്‌ട്രേലിയന്‍ ഫെഡറൽ പൊലീസും ഇന്റലിജൻസ് വിഭാഗവും സംയുക്തമായി അന്വേഷണം ആരംഭിച്ചു. തീവ്ര ഇടതുപക്ഷ ആശയങ്ങളും അരാജകവാദ നിലപാടുകളും വെച്ചുപുലര്‍ത്തുന്നവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എഫ്-35 യുദ്ധവിമാനങ്ങള്‍ക്കുള്ള സുപ്രധാന ഘടകങ്ങളും ഭാഗങ്ങളും വിതരണം ചെയ്യുന്ന 'ലോബിറ്റ് ടെക്‌നോളജീസ്' എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രയേലിന്റെ പ്രതിരോധ വിതരണ ശൃംഖലയുമായി കമ്പനിക്ക് ബന്ധമുണ്ടെന്നാരോപിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്.

കമ്പനിയുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തില്‍ കനത്ത സുരക്ഷാ വീഴ്ചയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു സംഘം ഓണ്‍ലൈനില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.

പാലസ്ഥീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സമാനമായ രീതിയിൽ കഴിഞ്ഞ വർഷവും ഇതേ കമ്പനിക്ക് നേരെ ആക്രമണം നടന്നിരുന്നു. കുറ്റക്കാർക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്നും ജാമ്യം ലഭിക്കാത്ത തരത്തിലുള്ള കടുത്ത നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.