റൊസാരിയോ: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസി (68) അന്തരിച്ചു. പ്രമുഖ അർജന്റീനൻ മാധ്യമമായ ‘ഇൻഫോബെ’ ആണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്. അർജന്റീനയിലെ റൊസാരിയോയിലുള്ള സ്വകാര്യ ക്ലിനിക്കിൽ വെച്ച് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി അർബുദമുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദേഹം.
ലയണൽ മെസിയുടെ കരിയറിലെ ഓരോ ഉയർച്ചതാഴ്ചകളിലും നിഴൽപോലെ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഹോർഹെ. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവുമൂലം ബുദ്ധിമുട്ടിയ മെസ്സിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മുന്നിൽനിന്ന് പോരാടിയത് പിതാവായിരുന്നു.
മെസി ന്യൂവൽസ് ഓൾഡ് ബോയ്‌സ് യൂത്ത് ടീമിൽ കളിക്കുന്ന കാലഘട്ടത്തിലായിരുന്നു ഇത്. തുടർന്ന് 13-ാം വയസിൽ മെസിയെ സ്പെയിനിലെ ബാഴ്‌സലോണ അക്കാദമിയിൽ എത്തിച്ചപ്പോഴും മകന് കൂട്ടായി ഹോർഹെയുണ്ടായിരുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങളെ നാട്ടിലാക്കിയാണ് അദേഹം സ്പെയിനിൽ മെസിക്കൊപ്പം താമസിച്ചത്.
മകന്റെ ഫുട്ബോൾ കരിയറിനു പുറമെ വാണിജ്യ ഇടപാടുകളുടെയും ഔദ്യോഗിക കരാറുകളുടെയും മുഖ്യ ചുക്കാൻ പിടിച്ചതും ഹോർഹെ ആയിരുന്നു. ബാഴ്‌സലോണ, പി.എസ്.ജി, ഇന്റർ മയാമി ക്ലബ്ബുകളിലേക്കുള്ള മെസ്സിയുടെ കരിയർ മാറ്റങ്ങൾക്ക് പിന്നിൽ പ്രൊഫഷണൽ കരുത്തായി നിലകൊണ്ടത് അദേഹമാണ്.
അടുത്തിടെ നടന്ന മത്സരവേളകളിൽ പിതാവിന്റെ മോശം ആരോഗ്യാവസ്ഥ മെസിയെ മാനസികമായി തളർത്തിയിരുന്നു. താൻ കടുത്ത മാനസിക വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അത് ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും മെസി മുമ്പ് വ്യക്തമാക്കിയിരുന്നു. ഹോർഹെയുടെ നിര്യാണത്തിൽ ഫുട്ബോൾ ലോകവും പ്രമുഖ ക്ലബ്ബുകളും ആരാധകരും കായികലോകത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.