കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ഡോ. എം.പി പരമേശ്വരന്‍ അന്തരിച്ചു

 കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ഡോ. എം.പി പരമേശ്വരന്‍ അന്തരിച്ചു

തൃശൂര്‍: ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോ. എം.പി പരമേശ്വരന്‍ (92) അന്തരിച്ചു. തൃശൂരിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പായിരുന്നു തൊണ്ണൂറ്റി രണ്ടാം പിറന്നാള്‍.

ശാസ്ത്ര പ്രചാരകനും വൈജ്ഞാനിക എഴുത്തുകാരനും സാക്ഷരതാ പ്രവര്‍ത്തകനുമായ ഡോ. എംപി പരമേശ്വരന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു. തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ 1935 ജനുവരി 18 നായിരുന്നു ജനനം. പിതാവ് മടങ്ങര്‍ളി പരമേശ്വരന്‍ നമ്പൂതിരി. അമ്മ മാടമ്പ് സാവിത്രി അന്തര്‍ജ്ജനം. തൃശൂര്‍ നമ്പൂതിരി വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

സിഎംഎസ് ഹൈസ്‌കൂള്‍, സെന്റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ തുടര്‍ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദവും മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റിയൂറ്റില്‍ നിന്ന് ന്യൂക്ലിയര്‍ എന്‍ജിനീയറിങ്ങില്‍ പി.എച്ച്.ഡിയും നേടി. 1957 മുതല്‍ 1975 വരെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായിരുന്നു.

അറിയപ്പെടുന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ പരമേശ്വരന്‍ അവതരിപ്പിച്ച 'നാലാം ലോക സിദ്ധാന്തം' സിപിഎമ്മിലും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കിടയിലും ഒരു കാലത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരുന്നു. ഈ ആശയത്തെ തള്ളിയ സിപിഎം, 2004 ല്‍ അദ്ദേഹത്തെ പുറത്താക്കി. ഇതോടെ പാര്‍ട്ടിയുമായുണ്ടായിരുന്ന 33 വര്‍ഷത്തെ ബന്ധം അദ്ദേഹം അവസാനിച്ചു.

കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പരിഭാഷകളും നിര്‍വഹിച്ചിട്ടുണ്ട്. 1982 ല്‍ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. എകെജിയെക്കുറിച്ചുള്ള സിനിമയില്‍ ഇഎംഎസിന്റെ വേഷം ചെയ്തത് ഡോ. എം.പി പരമേശ്വരനായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.