ബെയ്ജിങ്: എഐയെ ആശ്രയിച്ച് കൃഷി നടത്തിയ ചൈനീസ് കര്‍ഷകന് ഉണ്ടായത് വന്‍ നഷ്ടം. അറുപത്തേഴുകാരനായ വു എന്ന കര്‍ഷകനാണ് അബദ്ധം പറ്റിയത്.
നിരന്തരമായി എഐ ഉപദേശം സ്വീകരിച്ചായിരുന്നു വുവിന്റെ കൃഷി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യമൊക്കെ ഈ നീക്കം ഫലം കണ്ടതോടെ അദ്ദേഹം സ്ഥിരമായി എഐയെ ആശ്രയിക്കാന്‍ ആരംഭിച്ചു. കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന് പോലും എഐയുടെ സഹായം തേടുന്ന സ്ഥിതിയിലേക്ക് വു എത്തി. ഇതാണ് ഒടുവില്‍ വലിയ തിരിച്ചടിയായത്.
ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് തന്റെ ജീവിതം തന്നെ തലകീഴായി മറിക്കാന്‍ ശേഷിയുള്ള ഒരു ചോദ്യം എഐയോട് വു ചോദിച്ചത്. കീടങ്ങളെയും കളകളെയും എങ്ങനെ നിയന്ത്രിക്കാം എന്നതായിരുന്നു ആ ചോദ്യം. തന്റെ എള്ള് കൃഷിക്കായിട്ടാണ് അദ്ദേഹം എഐയോട് സഹായം ചോദിച്ചത്.
ഉടനടി തന്നെ വീര്യമുള്ള കീടനാശിനികള്‍ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങളെ കുറിച്ച് എഐ മറുപടി നല്‍കി. ഇത് അതേപടി അനുസരിക്കുകയാണ് വു ചെയ്തത്. എഐയുടെ ഉപദേശം പിന്തുടര്‍ന്ന വൂ, എള്ളു കൃഷിയുടെ വിളവിന്‍മേല്‍ വീര്യം കൂടിയ കീടനാശിനികള്‍ പ്രയോഗിച്ചു. ഇതിന്റെ ഫലമായി കൃഷി മുഴുവന്‍ നശിക്കുകയും ചെയ്തു.
ഇത്തരം കീടനാശിനികള്‍ ഉപയോഗിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ ചെടികളെല്ലാം നശിക്കുമെന്ന് വു പറയുന്നു. കളകളെക്കാള്‍ മുന്നേ വിളകള്‍ നശിച്ചുപോയി. സംഭവത്തിന് ശേഷവും വു എഐയോട് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചു. കീടനാശിനിയാകാം ദുരന്തത്തിന് കാരണമെന്നാണ് എഐ പ്രതികരിച്ചത്.
മുമ്പ് കാന്‍സര്‍ ചികിത്സയ്ക്ക് കീമോപ്പതിയല്ലാതെ മറ്റ് പല ചികിത്സാരീതികള്‍ എഐ ചാറ്റ്ബോട്ടുകള്‍ നിര്‍ദേശിച്ചതും ഇത് വലിയ അപകടങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്തത് വിവാദമായിരുന്നു.