ന്യൂയോർക്കിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ വീണ്ടും ആക്രമണം; മാതാവിന്റെ രൂപം ചുറ്റിക ഉപയോ​ഗിച്ച് അടിച്ചു തകർത്തു

ന്യൂയോർക്കിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ വീണ്ടും ആക്രമണം; മാതാവിന്റെ രൂപം ചുറ്റിക ഉപയോ​ഗിച്ച് അടിച്ചു തകർത്തു

ന്യൂയോർക്ക്: ന്യൂയോർക്കിലെ സെന്റ് റീറ്റ റോമൻ കത്തോലിക്കാ പള്ളിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർത്തു. ഇതൊരു സംശയാസ്പദമായ വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പള്ളിയ്ക്ക് പുറത്ത് മുഖംമൂടി ധരിച്ച ഒരാൾ ചുറ്റികകൊണ്ട് മാതാവിന്റെ രൂപത്തിൽ ആവർത്തിച്ച് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ബ്രൂക്ലിൻ രൂപത പുറത്തുവിട്ടു.

തങ്ങളുടെ ഇടവകയെ ലക്ഷ്യമിട്ട് നടക്കുന്ന തുടർച്ചയായ ആക്രമണ പരമ്പരയിലെ ഒടുവിലത്തെ സംഭവമാണിതെന്ന് കത്തോലിക്കാ അധികാരികൾ വ്യക്തമാക്കി. 2024 മുതൽ ഈ പള്ളിക്ക് നേരെ നടക്കുന്ന നാലാമത്തെ നശീകരണ പ്രവർത്തനമാണിത്. അറുപത് വർഷം പഴക്കമുള്ള സ്റ്റെയിൻഡ് ഗ്ലാസ് ജാലകം തകർക്കുക, സെന്റ് ഫ്രാൻസിസ് ഓഫ് അസീസിയുടെ പ്രതിമയിലും പരിസരത്തും പെയിന്റ് ഉപയോഗിച്ച് ചുവരെഴുത്തുകൾ നടത്തുക, പള്ളിക്കുള്ളിലെ സെന്റ് ജൂഡിന്റെ പ്രതിമയ്ക്ക് കേടുപാടുകൾ വരുത്തുക തുടങ്ങിയവയാണ് മുൻകാലങ്ങളിലുണ്ടായ മറ്റ് സംഭവങ്ങൾ.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തിവരികയാണെന്നും ബ്രൂക്ലിൻ രൂപത ഫോക് ന്യൂസിനോട് പറഞ്ഞു. ഈ വർഷത്തെ ആദ്യ ഏഴ് മാസത്തെ (ജനുവരി-ജൂലൈ) കണക്കുകൾ പ്രകാരം വിദ്വേഷ കുറ്റകൃത്യങ്ങൾ 9.4 ശതമാനം വർദ്ധിച്ചതായി എൻ.വൈ.പി.ഡി അറിയിച്ചതായി ബ്രൂക്ലിൻ രൂപത ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ജോൺ ക്വാഗ്ലിയോൺ വ്യക്തമാക്കി.

ന്യൂയോർക്ക് നഗരത്തിലെ ക്രൈസ്തവ സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് നിരവധി പള്ളികൾക്ക് നേരെ ആക്രമണങ്ങൾ നടന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ പുതിയ സംഭവവും പുറത്തുവന്നിരിക്കുന്നത്. 2025 ഒക്ടോബറിൽ ക്വീൻസിലെ മൂന്ന് പള്ളികൾക്ക് നേരെ സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. എൽജിബിക്യു പ്രൈഡ് പതാക ധരിച്ചെത്തിയ മാസ്ക് ധരിച്ച വ്യക്തി, പള്ളികളിൽ 'കൾട്ട്', 'ആന്റി-ഗേ കൾട്ട്' തുടങ്ങിയ സന്ദേശങ്ങൾ സ്പ്രേ ചെയ്യുകയും മതപരമായ രൂപങ്ങൾ വികൃതമാക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളും പൊലീസ് വിദ്വേഷ കുറ്റകൃത്യങ്ങളായിട്ടാണ് അന്വേഷിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.