കാരക്കാസ്: വെനസ്വേലയിലെ ഗ്വാരേനാസ് രൂപതാ ബിഷപ്പ് ടൂലിയോ റമിറെസ് പാദില്ല (66) കർത്താവിൽ നിദ്രപ്രാപിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഓഗസ്റ്റ് 12-നാണ് നിര്യാതനായത്. അദേഹത്തിന്റെ വിയോഗവാർത്ത വെനസ്വേലൻ കത്തോലിക്കാ മെത്രാൻ സമിതിയും ഗ്വാരേനാസ് രൂപതയും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കത്തോലിക്കാ സഭയ്ക്ക് വലിയൊരു നഷ്ടമാണ് ബിഷപ്പ് ടൂലിയോയുടെ വേർപാടെന്ന് വെനസ്വേലൻ മെത്രാൻ സമിതി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ദൈവജനത്തിനായുള്ള അദ്ദേഹത്തിന്റെ ഉദാരമായ സമർപ്പണവും സ്വാർഥരഹിതമായ സേവനവും സഭ നന്ദിയോടെ സ്മരിക്കുന്നുവെന്നും സ്വർഗീയ പിതാവിന്റെ തിരുമുമ്പിൽ അദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെയെന്നും മെത്രാൻ സമിതി അനുസ്മരിച്ചു.
1960 ഫെബ്രുവരി 28 ന് വെനസ്വേലയിലെ കാരക്കാസിലാണ് ബിഷപ്പ് ടൂലിയോ റമിറെസ് ജനിച്ചത്. 1984 ഓഗസ്റ്റ് അഞ്ചിന് പൗരോഹിത്യ സ്വീകരണം ലഭിച്ച അദ്ദേഹം, സഭയുടെ വിവിധ തലങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചു. 2012 ഓഗസ്റ്റ് എട്ടിന് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കാരക്കാസ് അതിരൂപതയുടെ സഹായ മെത്രാനായും ഒലിയാനയുടെ നാമമാത്ര ബിഷപ്പായും നിയമിച്ചു.
തുടർന്ന് 2020 ഡിസംബർ 11-ന് ഫ്രാൻസിസ് മാർപാപ്പ അദേഹത്തെ ഗ്വാരേനാസ് രൂപതയുടെ പുതിയ രൂപതാധ്യക്ഷനായി തിരഞ്ഞെടുത്തു. 2021 ഫെബ്രുവരിയിലാണ് ഗ്വാരേനാസ് രൂപതയുടെ ഔദ്യോഗിക ചുമതലയേറ്റെടുത്തത്.
വെനസ്വേലയിലെ ജനങ്ങളുടെ ഏറെ പ്രിയപ്പെട്ട വിശുദ്ധനായ ‘ദരിദ്രരുടെ ഡോക്ടർ’ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിന്റെ നാമകരണ നടപടികളിൽ വൈസ് പോസ്റ്റ്‌ലേറ്റർ എന്ന നിലയിൽ ബിഷപ്പ് ടൂലിയോ നൽകിയ സേവനങ്ങൾ അതീവ നിർണായകമായിരുന്നു. ഇതിനുപുറമേ, വെനസ്വേലൻ മെത്രാൻ സമിതിയുടെ ആശയവിനിമയത്തിനും മാധ്യമങ്ങൾക്കുമുള്ള കമ്മീഷന്റെ അധ്യക്ഷനായും സഭയെ നയിച്ചു.
ഗ്വാരേനാസ്, ഗുവാട്ടിരെ, ബാർലോവെന്റോ എന്നീ പ്രദേശങ്ങളിലെ വിശ്വാസിസമൂഹത്തിന്റെ ഇടയിൽ എളിമയുടെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്ന ഈ ഇടയശ്രേഷ്ഠന്റെ വിയോഗം വെനസ്വേലൻ സഭയ്ക്ക് നികത്താനാവാത്ത ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.