കോട്ടയം: ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി മുൻ എംഎൽഎ പി.സി ജോർജ് രംഗത്ത്. പാർട്ടിയുടെ 'എ' ക്ലാസ് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നാലരക്കോടി രൂപ വീതം ചെലവഴിച്ചെന്നാണ് അദേഹത്തിന്റെ വെളിപ്പെടുത്തൽ.
പൂഞ്ഞാർ മണ്ഡലത്തിന് അനുവദിച്ച ഫണ്ടിൽ വലിയ തോതിൽ തട്ടിപ്പ് നടന്നുവെന്നും ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറി സജി കുരിക്കാട് പണം തട്ടിയെടുത്തു എന്നുമാണ് എരുമേലിയിൽ നടന്ന യോഗത്തിൽ അദേഹം ആരോപിച്ചത്. എന്നാൽ നിയമപ്രകാരം ഒരു മണ്ഡലത്തിൽ പരമാവധി 40 ലക്ഷം രൂപ മാത്രമാണ് ചിലവഴിക്കാൻ സാധിക്കുക എന്നത് ശ്രദ്ധേയമാണ്.
നാല് കോടി നാൽപത്തിയഞ്ച് ലക്ഷം രൂപ ചിലവായെന്ന കണക്കാണ് തനിക്ക് ലഭിച്ചതെന്നും എന്നാൽ ഈ പട്ടികയിലുള്ള പലരെയും വിളിച്ചു ചോദിച്ചപ്പോൾ ആർക്കും പണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും പി.സി ജോർജ് പറഞ്ഞു. ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ നിശ്ചയിച്ചിരുന്ന 31,000 രൂപ പോലും നൽകിയില്ലെന്നും പണം ഉപയോഗിച്ച് പലരും പുതിയ കാറുകൾ വാങ്ങിയെന്നും അദേഹം ആരോപിച്ചു. ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് പിന്നാലെ പി.സി ജോർജ് തന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തി.
എരുമേലിയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നാണ് അദേഹത്തിന്റെ പുതിയ വിശദീകരണം. സജി കുരിക്കാട് സത്യസന്ധനായ വ്യക്തിയാണെന്നും ആരും ഒരു രൂപ പോലും മോഷ്ടിച്ചിട്ടില്ലെന്നും പിന്നീട് അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചിലർ തന്നെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതാണെന്നും തിരഞ്ഞെടുപ്പ് ഫണ്ട് കൃത്യമായി തന്നെയാണ് വിനിയോഗിച്ചതെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.