ഓളപ്പരപ്പിലെ രാജാക്കന്മാര്‍ മാറ്റുരയ്ക്കുന്ന മാമാങ്കം; 72-ാമത് നെഹ്‌റു ട്രോഫി ജലമേള നാളെ പുന്നമടക്കായലില്‍

ഓളപ്പരപ്പിലെ രാജാക്കന്മാര്‍ മാറ്റുരയ്ക്കുന്ന മാമാങ്കം; 72-ാമത് നെഹ്‌റു ട്രോഫി ജലമേള നാളെ പുന്നമടക്കായലില്‍

ആലപ്പുഴ: കായലോരത്ത് ആവേശത്തിന്റെ അലകടല്‍ തീര്‍ക്കാന്‍ 72-ാമത് നെഹ്‌റു ട്രോഫി ജലമേള നാളെ പുന്നമടക്കായലില്‍ അരങ്ങേറും. മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉല്‍ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

വിനോദ സഞ്ചാരികളും വള്ളംകളി പ്രേമികളും ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് കാണികളാണ് ഈ ജലോത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ ആലപ്പുഴയിലേക്ക് ഒഴുകിയെത്തുന്നത്. ഓളപ്പരപ്പിലെ തുഴച്ചില്‍ക്കാരുടെ താളവും വഞ്ചിപ്പാട്ടുകളുടെ ആവേശവും പുന്നമടക്കായലിനെ ഇളക്കിമറിക്കും. സംസ്ഥാനത്തിന്റെ പ്രധാന ജലോത്സവങ്ങളിലൊന്നായ നെഹ്‌റു ട്രോഫിയില്‍ ഇത്തവണ 22 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 70 ല്‍ അധികം പ്രമുഖ വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.

നേരത്തെ സംഘാടകര്‍ പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചിത്രം ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍ ജനപ്രതിനിധിയുടെ ചിത്രം ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചതോടെ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും പൂര്‍ണ പരിഹാരമായി. പോരാട്ടവീര്യവും കായലോളങ്ങളുടെ ആവേശവും നിറയുന്ന മാമാങ്കത്തിനായി പൂര്‍ണ സജ്ജമായിരിക്കുകയാണ് പുന്നമട.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.