'മര്യാദയ്ക്ക് സംസാരിക്കണം': മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

'മര്യാദയ്ക്ക് സംസാരിക്കണം': മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി വി.ഡി സതീശനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം രംഗത്തെത്തി. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലൂടെയാണ് മുഖ്യമന്ത്രിയുടെ നിലപാടുകളെയും രാഷ്ട്രീയ ശൈലിയെയും കടന്നാക്രമിച്ചത്.

മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. കാന്തപുരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിയോജിപ്പുകളെ 'കുരുടന്‍ ആനയെ തൊട്ടതുപോലെ' എന്ന് വിശേഷിപ്പിച്ച പത്രം, സതീശന്റെ മുന്‍കാല രാഷ്ട്രീയ നിലപാടുകളിലെ ഇരട്ടത്താപ്പും തുറന്നുകാട്ടുന്നുണ്ട്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുന്‍കാലങ്ങളില്‍ ശക്തമായി എതിര്‍പ്പുന്നയിച്ച നേതാവാണ് സതീശനെന്നും അന്നത്തെ നിലപാടുകള്‍ പൂര്‍ണമായി മറന്ന് ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ തോതില്‍ വാചാലനാകുന്നത് ശുദ്ധ ഇരട്ടത്താപ്പാണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും, പി.എം ശ്രീ പദ്ധതി നടപ്പാക്കാന്‍ പ്രത്യേക താല്‍പര്യം കാണിച്ചതുമെല്ലാം സതീശന്റെ മാറിയ രാഷ്ട്രീയ താല്‍പര്യങ്ങളുടെ തെളിവാണ്. സതീശന്റെ വായനാശീലങ്ങളെക്കൂടി പരാമര്‍ശിക്കുന്ന ലേഖനം, പുസ്തകങ്ങള്‍ ഒരുപാട് വായിക്കുന്നു എന്ന് അവകാശപ്പെടുന്ന സതീശന്‍ ഇതുവരെ ഒരു നോവല്‍ പോലും എഴുതിയിട്ടില്ലെന്ന് പരോക്ഷമായി പരിഹസിക്കുന്നുമുണ്ട്. എന്നാല്‍ വായനയെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാത്ത രാഷ്ട്രീയ എതിരാളിയായ രമേശ് ചെന്നിത്തല സാഹിത്യ രചനകള്‍ നടത്തിയിട്ടുണ്ടെന്നും എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിക്കുന്നു.

മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം ഏകപക്ഷീയമായ പ്രസ്താവനകളും അപക്വമായ നിലപാടുകളും ഉടന്‍ തിരുത്തപ്പെടണമെന്ന ശക്തമായ മുന്നറിയിപ്പാണ് സമസ്ത മുഖപത്രം ഈ എഡിറ്റോറിയലിലൂടെ നല്‍കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.