തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാ ലോജിക് മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, മരുമകനും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഡിജിപിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ ഇ.ഡി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. കത്ത് ലഭിച്ച വിവരം ഡിജിപി സ്ഥിരീകരിച്ചു.
ഇ.ഡിയുടെ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളും വിവരങ്ങളും ഉള്‍പ്പെടുത്തി പി.എം.എല്‍.എ ആക്ട് (പണം വെളുപ്പിക്കല്‍ നിരോധന നിയമം) സെക്ഷന്‍ 66(2) പ്രകാരമാണ് ഡിജിപിക്ക് കത്തയച്ചിട്ടുള്ളത്. കേസില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താന്‍ വിജിലന്‍സിന് മാത്രമേ അധികാരമുള്ളൂ എന്നതിനാലാണ് ഇ.ഡി സംസ്ഥാന ഡിജിപിക്ക് കത്ത് നല്‍കിയത്.
നിലവില്‍ വീണാ വിജയനെതിരായ കേസ് മാത്രമാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ മാസപ്പടി ലഭിച്ചതിന്റെ ഗുണഭോക്താക്കളാണ് മുഹമ്മദ് റിയാസും പിണറായി വിജയനും എന്ന് കണ്ടെത്തി.
വീണാ വിജയന്‍ ഹവാല ഇടപാടുകള്‍ നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ കണ്ടെത്തിയിരുന്നു. വീണയുടെ ഡയറിയില്‍ 20.05 കോടിയുടെ ഇടപാടുകളും 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതിന്റെ വിവരങ്ങളുമുണ്ടെന്ന് ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് നല്‍കാത്ത സേവനങ്ങള്‍ക്ക് പണം പറ്റിയെന്ന അന്വേഷണത്തില്‍ കോഴിക്കോട് ഒമ്പത് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇ.ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
മെയ് 27 ന് വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലാണ് വീണ കൈപ്പടയിലെഴുതിയ കണക്കുകളുള്ളത്. പണം കൈകാര്യം ചെയ്തവരുടെയും കൈമാറിയവരുടെയും പേരുകളും ദുബായിലേക്ക് അയച്ചതിന്റെ വിവരങ്ങളും ഇതിലുണ്ട്.
ഇന്റര്‍നെറ്റ് കോളുകള്‍ക്ക് വേണ്ടി വീണ സ്വന്തം പേരിലല്ലാത്ത സിം കാര്‍ഡ്, വൈ ഫൈ റൗട്ടറിലൂടെ ഉപയോഗിച്ചു. വീണയുടെ കുറിപ്പുകളില്‍ പറയുന്നവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലും നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു.15 വര്‍ഷത്തിനിടെ സിഎംആര്‍എല്‍ 182 കോടിയുടെ ദുരൂഹ ചെലവുകള്‍ നടത്തിയെന്നായിരുന്നു കണ്ടെത്തല്‍.