വീണയ്ക്കെതിരെ ഹവാല-ഷെല്‍ കമ്പനി ആരോപണവുമായി ഇ.ഡി; പൊലീസിന് റിപ്പോര്‍ട്ട് കൈമാറി: മൊഴി നല്‍കാന്‍ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് പിണറായി വിജയന്‍

വീണയ്ക്കെതിരെ ഹവാല-ഷെല്‍ കമ്പനി ആരോപണവുമായി ഇ.ഡി; പൊലീസിന് റിപ്പോര്‍ട്ട് കൈമാറി: മൊഴി നല്‍കാന്‍ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ വിദേശത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും ദുബായില്‍ ഷെല്‍ കമ്പനി രൂപീകരിക്കാന്‍ ശ്രമിച്ചെന്നും വ്യക്തമാക്കുന്ന ഇ.ഡി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ കൊടുങ്കാറ്റ്. വിഷയം സംബന്ധിച്ച് വിശദമായ തെളിവുകള്‍ അടങ്ങിയ അന്വേഷണ റിപ്പോര്‍ട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.

പണമിടപാടുകളുടെ ബാങ്ക് രേഖകള്‍ക്ക് പുറമേ നാട്ടില്‍ ആര്‍ക്കൊക്കെ തുക നല്‍കിയെന്ന് രേഖപ്പെടുത്തിയ റെഡ് ബുക്ക് ഡയറിയിലെ വിവരങ്ങളും കമ്പനിക്ക് പേരുനിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് വീണ മകന് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും ഇ.ഡി തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ വഴിയാണ് ഈ ഹവാല ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതെന്നാണ് കേന്ദ്ര ഏജന്‍സിയുടെ പ്രധാന കണ്ടെത്തല്‍. എന്നാല്‍ കേന്ദ്ര ഏജന്‍സിയുടെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

മകള്‍ വീണയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കേന്ദ്ര ഏജന്‍സിയായ ഇ.ഡി നിര്‍ബന്ധിച്ച് മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ പറഞ്ഞിട്ടാണ് സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടുകള്‍ നടത്തിയത് എന്ന് മൊഴി നല്‍കാന്‍ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അതിന് വഴങ്ങിയില്ല. എക്‌സാലോജിക് സേവനങ്ങള്‍ നല്‍കിയിട്ടില്ലെന്ന പ്രചാരണം അസത്യമാണെന്നും ഭാര്യയെയും മകളെയും ചോദ്യം ചെയ്ത് പേടിപ്പിക്കാമെന്ന് ഇ.ഡി കരുതേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വാര്‍ത്തകളില്‍ പറയുന്ന ഹവാല ഇടപാട് ഗുരുതരമായ വിഷയമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇ.ഡി നല്‍കിയ വിവരങ്ങളില്‍ ആഭ്യന്തര വകുപ്പിന്റെ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷം പ്രാഥമിക അന്വേഷണം നടത്തി കേസെടുക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും വ്യക്തമായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.