തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസിൽ ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് പൊലീസ്. ഇവര്‍ മൂന്നുപേരും വീട്ടില്‍ ഇല്ലെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി.ഇവർക്ക് ഇന്നലെ തിരുവനന്തപുരം ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
വിജയ് പി നായരെ ലോഡ്ജ് മുറിയിൽ കയറി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ കോടതിയെ സമീപിച്ചത്.
മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. സർക്കാരും സമാന നിലപാടാണ് സ്വീകരിച്ചത്. മുൻകൂർജാമ്യം നൽകിയാൽ നാളെ നിയമം കൈയിലെടുക്കാൻ പൊതുജനത്തിനു പ്രചോദനമാകുമെന്ന് സർക്കാർ വ്യക്തമാക്കി.