ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രത്തിന് നിർദ്ദേശിച്ച് സുപ്രീംകോടതി. കോവിഡുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.
ദേശീയ പ്രതിസന്ധികളിൽ പൗരൻമാരുടെ ജീവൻ പരമപ്രധാനമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് നിന്ന് പ്രശ്നപരിഹാരം കണ്ടെത്തണമെന്നും കോടതി നിരീക്ഷിച്ചു. ഓക്സിജന്റെ ബഫർ സ്റ്റോക്ക് ഉറപ്പാക്കാനും ദ്രവ രൂപത്തിലുള്ള ഓക്സിജന്റെ ഉപയോഗം നിയന്ത്രിക്കാനും ഉത്തരവിൽ പറയുന്നു. കൂടാതെ ഡൽഹിയിൽ 700 മെട്രിക് ടൺ ഓക്സിജൻ എത്തിക്കാനും കോടതി നിർദ്ദേശിച്ചു.
കോടതി നിർദ്ദേശങ്ങൾ
ഓക്സിജൻ ലഭ്യത അറിയാൻ ജനങ്ങൾക്ക് സൗകര്യമൊരുക്കുക.
സംസ്ഥാനങ്ങളിൽ ജില്ലകൾ തോറും ആശുപത്രികളിൽ ലഭ്യമായ ഓക്സിജൻ സ്റ്റോക്ക് വിലയിരുത്താൻ വെർച്വൽ കൺട്രോൾ റൂം സജ്ജീകരിക്കുക.
ഓക്സിജന്റെ ബഫർ സ്റ്റോക്ക് കരുതുക. ആശുപത്രികൾക്കും മറ്റും പെട്ടെന്ന് ലഭ്യമാക്കാൻ കഴിയുന്ന തരത്തിൽ ശേഖരിക്കുക.
ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ കണ്ടെയ്‌നറുകൾ എല്ലായിടത്തും ലഭ്യമാക്കുക. കണ്ടെയ്നറുകൾക്കായി ഉടൻ ആഗോള ടെൻഡർ വിളിക്കുക.
ഓക്സിജൻ ട്രക്കുകളുടെ നീക്കത്തിനുള്ള ജി.എസ്.ടി പരിശോധന അടക്കമുള്ള തടസങ്ങൾ നീക്കുക.
ദ്രവീകൃത മെഡിക്കൽ ഓക്സിജൻ ഗുരുതര രോഗികൾക്ക് മാത്രം നൽകുക. മറ്റ് രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റേഴ്സുകൾ ഉപയോഗിക്കുക. ഇതിനായി ഇറക്കുമതിയെ ആശ്രയിക്കാം.
18 മുതൽ 44 വയസുവരെയുള്ളവർക്ക് അടുത്ത ആറുമാസത്തേക്ക് എത്ര വാക്സിൻ ആവശ്യമാണെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
45 വയസിന് മുകളിലുള്ളവർക്കുള്ള സൗജന്യ വാക്സിൻ കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ വാക്ക് ഇൻ ആയി ലഭ്യമാകുമോ എന്ന് പരിശോധിക്കാനും ശ്മശാനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരെ മുന്നണി പോരാളികളായി കണ്ട് വാക്സിൻ നൽകാനും കോടതി നിർദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.