ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കര്‍ദ്ദിനാള്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരി

ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കര്‍ദ്ദിനാള്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരി

കൊച്ചി: ഭീമകൊറേഗാവു സംഭവവുമായി ബന്ധമുണ്ടെന്നാരോപിച്ച് ഫാ. സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഉത്ക്കണ്ഠ രേഖപ്പെടുത്തി. വയോധികനായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ ജയില്‍ മോചിതനാക്കുകയും അദ്ദേഹത്തിന്റെ വസതിയിലേക്കു തിരികെ അയയ്ക്കുകയും ചെയ്യണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഫാ. സ്റ്റാന്‍ സ്വാമി ഏതാനും ദശകങ്ങളായി ആദിവാസികളുടെ ഇടയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആദിവാസികളുടെ അവകാശങ്ങള്‍, പ്രത്യേകിച്ചു ഭൂസ്വത്തിന്മേലുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളന്നതിനും അദ്ദേഹം തന്റെ ഇടപെടലുകളിലൂടെ അവരെ ശക്തിപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവിടെയുള്ള ചില വ്യക്തികളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് എതിരായിരുന്നു. ഇത്തരക്കാരുടെ ഗൂഢാലോചനയാണു ഫാ. സ്റ്റാന്‍ സ്വാമിയുടെ മേലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കു പിന്നിലുള്ളത്.

ഈ കോവിഡ് കാലത്തു പ്രായവും മറ്റു രോഗങ്ങളുമുള്ള ഈ വൈദികന് മാനുഷിക പരിഗണന നല്‍കാതെ സ്വീകരിച്ചിരിക്കുന്ന നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ്. പാവപ്പെട്ടവരുടെയും പ്രതികരണശേഷിയില്ലാത്തവരുടെയും പക്ഷം ചേര്‍ന്ന് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ശൈലിയാണു കത്തോലിക്കാ സഭയുടേത്. ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെ ആത്മാര്‍ഥതയും സമര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള അനേകായിരം വ്യക്തികളിലൂടെയാണു സഭ പാവപ്പെട്ടവര്‍ക്കും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കുംവേണ്ടി രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നത്.

ദേശീയ അന്വേഷണ സമിതിയെപ്പോലെ ഉത്തരവാദപ്പെട്ട ഒരു ഏജന്‍സി ഇക്കാര്യങ്ങള്‍ കണക്കിലെടുത്തു ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ ജയിലില് നിന്നു മോചിപ്പിക്കണം. രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുംപെട്ട പൗരന്മാരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടാനും എല്ലാവരുടെയുമിടയില്‍ സമാധാനവും ഐക്യവും നിലനില്‍ക്കാനും ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.