പരീക്ഷണങ്ങളും വെല്ലുവിളികളും സഹിച്ചു നിൽക്കുന്നതിലൂടെ ആത്മാക്കളെ നേടാം; ദുരന്തങ്ങളും ദുഃഖങ്ങളും എന്നേക്കും നിലനിൽക്കുന്നില്ല: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

പരീക്ഷണങ്ങളും വെല്ലുവിളികളും സഹിച്ചു നിൽക്കുന്നതിലൂടെ ആത്മാക്കളെ നേടാം; ദുരന്തങ്ങളും ദുഃഖങ്ങളും എന്നേക്കും നിലനിൽക്കുന്നില്ല: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: ലോകത്തെ രക്ഷിക്കുന്ന സത്യത്തിനും, അടിച്ചമർത്തപ്പെടുന്ന ജനങ്ങൾക്ക് വിമോചനം നൽകുന്ന നീതിക്കും സാക്ഷ്യം വഹിക്കാനാണ് ക്രൈസ്തവരായ നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ.

ദരിദ്രരുടെ ജൂബിലി ആഘോഷിച്ച നവംബർ 16-ാം തിയതി ഞായറാഴ്ച ത്രികാലജപപ്രാർഥനയ്ക്ക് ഒരുക്കമായി നൽകിയ സന്ദേശത്തിൽ, അന്ത്യകാലത്ത് ക്രിസ്ത്യാനികൾ നേരിടേണ്ടിവരുന്ന പീഡനങ്ങളാണ് പാപ്പാ ധ്യാനവിഷയമാക്കിയത്. ലോകാവസാനത്തിൽ യുദ്ധങ്ങളും കലാപങ്ങളും സംഭവിക്കുമെങ്കിലും 'നിങ്ങൾ ഭയപ്പെടേണ്ട' എന്ന യേശുവിൻ്റെ വാക്കുകളിൽ ആശ്വാസം കണ്ടെത്തണമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

സംഘർഷങ്ങളും പീഡനങ്ങളും മൂലം ലക്ഷക്കണക്കിന് സ്ത്രീകളും പുരുഷൻമാരും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന വാർത്തകളാണ് നിർഭാഗ്യവശാൽ അനുദിനം നാം ശ്രവിക്കുന്നത്. അതിനാൽ യേശുവിന്റെ ഈ വാക്കുകൾ ഇന്ന് കൂടുതൽ പ്രസക്തമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ഈ സംഘർഷങ്ങൾക്കും അവയെ അവഗണിക്കാൻ ശ്രമിക്കുന്ന നിസംഗതയ്ക്കുമിടയിൽ യേശുവിൽ വിശ്വസിക്കുന്നവർക്ക് അവിടുത്തെ വാക്കുകൾ ആശ്വാസം പകരുന്നു. ഇരുൾ പരക്കുന്ന മണിക്കൂറുകൾപോലെ തോന്നുമെങ്കിലും നമ്മുടെ വിശ്വാസം സൂര്യനെപ്പോലെ പ്രശോഭിക്കണമെന്ന് ലിയോ പാപ്പാ ഊന്നിപ്പറഞ്ഞു.

തൻ്റെ നാമത്തെ പ്രതി അനേകർ അക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാകുമെന്ന് ലൂക്കായുടെ സുവിശേഷത്തിൽ യേശു രണ്ടുപ്രാവശ്യം മുന്നറിയിപ്പു നൽകുന്നുണ്ട്. എന്നാൽ അവയെല്ലാം ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുള്ള അവസരങ്ങളാണെന്നും അവിടുന്ന് പറയുന്നു. യേശുവിന്റെ മാതൃക പിന്തുടരാനാണ് നാമേവരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ആവർത്തിച്ചു പറഞ്ഞു.

പീഡനങ്ങൾക്ക് ഇന്ന് പല രൂപങ്ങളുണ്ട്. ആയുധങ്ങളും കൊലപാതകങ്ങളും മാത്രമല്ല, വാക്കുകൾ, നുണകൾ, പ്രത്യയശാസ്ത്രപരമായ ചതിക്കുഴികൾ എന്നിവയെല്ലാം പീഡനങ്ങളുടെ വിവിധ രൂപങ്ങളാണ്. ഇവ സഹിക്കേണ്ടി വരുമ്പോൾ ലോകത്തെ രക്ഷിക്കുന്ന സത്യത്തിനും അടിച്ചമർത്തലുകളിൽനിന്ന് മോചനം നൽകുന്ന നീതിക്കും സമാധാനത്തിലേക്ക് നയിക്കുന്ന പ്രത്യാശയ്ക്കും നാം സാക്ഷികളാകണം.

ദുരന്തങ്ങളും ദുഃഖങ്ങളും എന്നേക്കും നിലനിൽക്കുന്നില്ലെന്നും അവയ്ക്ക് അവസാനമുണ്ടെന്നും യേശുവിന്റെ വാക്കുകൾ വെളിപ്പെടുത്തുന്നു. അതേസമയം, യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നവരുടെ ആനന്ദം എന്നേക്കും നിലനിൽക്കുന്നതാണെന്ന് ലിയോ പാപ്പാ വ്യക്തമാക്കി.

അവസാന നാളുകളിലെ പരീക്ഷണങ്ങളും വെല്ലുവിളികളും സഹിച്ചു നിൽക്കുന്നതിലൂടെ നമ്മുടെ ആത്മാക്കളെ നാം നേടിയെടുക്കും. ചരിത്രത്തിൽ നടക്കുന്ന ഭയപ്പെടുത്തുന്ന സംഭവങ്ങളിലും അക്രമങ്ങളിലും പിടിച്ചുനിൽക്കാനുള്ള ശക്തിയാണ് യേശുവിന്റെ വാഗ്ദാനത്തിലൂടെ നമുക്ക് ലഭിക്കുന്നതെന്ന് മാർപാപ്പ വിശദീകരിച്ചു.

അക്രമങ്ങളെപ്പോലും രക്ഷയുടെ അടയാളങ്ങളാക്കി മാറ്റാൻ കെൽപ്പുള്ള ദൈവകൃപയെ കുറിച്ചാണ് സഭാചരിത്രത്തിലുടനീളമുള്ള രക്തസാക്ഷികൾ നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

'യേശുവിന്റെ നാമത്തെ പ്രതി സഹനങ്ങളും പീഡനങ്ങളും നേരിടുന്ന എല്ലാ സഹോദരീസഹോദരന്മാരോടും ചേർന്ന്, ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം നമുക്കു യാചിക്കാം. എല്ലാ പരീക്ഷണങ്ങളിലും പ്രതിസന്ധികളിലും അവൾ നമ്മെ ആശ്വസിപ്പിക്കുകയും വിശ്വാസത്തിൽ നിലനിർത്തുകയും ചെയ്യട്ടെ' - ഈ വാക്കുകളോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.