കെ.കെ ഷൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ കണ്ണൂര്‍ ലോബിയുടെ കരുനീക്കം; കാരണം മട്ടന്നൂരിലെ തര്‍ക്കം

കെ.കെ ഷൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ കണ്ണൂര്‍ ലോബിയുടെ കരുനീക്കം; കാരണം മട്ടന്നൂരിലെ തര്‍ക്കം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ സിപിഎം മന്ത്രിമാരില്‍ നിന്ന് കെ.കെ ഷൈലജയെ ഒഴിവാക്കാന്‍ കണ്ണൂര്‍ ലോബിയുടെ കരുനീക്കം. മത്സരിക്കുന്നതിന് രണ്ട് ടേം എന്ന തീരുമാനം മന്ത്രിസഭയിലും വേണമെന്നാണ് കണ്ണൂരിലെ ഒരു പ്രമുഖ നേതാവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ പിണറായി വിജയന്റെ കാര്യത്തില്‍ മാത്രമാണ് അഭിപ്രായ ഐക്യമുണ്ടായിട്ടുള്ളത്.

പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ മതി എന്ന വാദമുയരുമ്പോളും കഴിഞ്ഞ സര്‍ക്കാരില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കരുതെന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം. എന്നാല്‍ മട്ടന്നൂരിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സിപിഎം കണ്ണൂര്‍ ലോബിയില്‍ ചിലര്‍ ടീച്ചര്‍ക്കെതിരെ തിരിയാന്‍ കാരണം. മട്ടന്നൂര്‍ സീറ്റ് ലഭിച്ചാല്‍ മാത്രമേ ഇത്തവണ മത്സരിക്കൂ എന്ന് ഷൈലജ ടീച്ചര്‍ നിര്‍ബന്ധം പിടിച്ചത് പാര്‍ട്ടിയുടെ കണ്ണൂര്‍ ഘടകത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

രണ്ട് ടേം നിബന്ധന അംഗീകരിക്കപ്പെട്ടതിന് തെളിവാണ് വിജയമെന്നും ആ മാതൃകയില്‍ മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ മന്ത്രിമാര്‍ എല്ലാവരും പുതുമുങ്ങളാവട്ടെ എന്നായിരുന്നു ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നിര്‍ദേശം. ഇതിലെ അപകടം മനസിലാക്കിയ മുഖ്യമന്ത്രി തന്നെ ഈ ചര്‍ച്ചയ്ക്ക് വിലങ്ങിട്ടുവെന്നാണ് സൂചന. ശൈലജയെ മാത്രമല്ല, മന്ത്രി എ.സി മൊയ്തീനെയും മന്ത്രിസഭയ്ക്ക് പുറത്താക്കുക എന്നായിരുന്നു ലക്ഷ്യം.

സ്പീക്കര്‍ കുപ്പായം തയ്ച്ച് നിരവധി പേര്‍ രംഗത്തുണ്ടെങ്കിലും കെ. ടി ജലീല്‍ ഇത്തവണ സ്പീക്കറായേക്കുമെന്നാണ് സൂചന. ശ്രീരാമകൃഷ്ണന് പകരം ജലീല്‍ വരണമെന്നാണ് സിപിഎമ്മിലെ ആവശ്യം. പകരം മലപ്പുറത്ത് നിന്ന് ഒരു മന്ത്രിയുണ്ടാവും. അത് അബ്ദുറഹ്മാനാവാനാണ് സാധ്യത. എന്നാല്‍ ജലീലിന്റെ ഭൂരിപക്ഷം കുറഞ്ഞത് ഇത്തവണ മന്ത്രിസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ കാരണമായിട്ടുണ്ടെന്നാണ് സൂചന. പിവി അന്‍വറിന് പകരമായിരിക്കും അബ്ദുറഹ്മാനെ പരിഗണിക്കുന്നത്.

എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെഎന്‍ ബാലഗോപാല്‍, എം.ബി രാജേഷ് എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മുസ്ലീം ലീഗ് കോട്ടയായ കളമശ്ശേരി പിടിച്ച പി രാജീവിന് മന്ത്രിസ്ഥാനം തന്നെ നല്‍കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുണ്ട്. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പേരും അദ്ദേഹത്തിനുണ്ട്. എംവി ഗോവിന്ദന്‍ അടക്കമുള്ളവര്‍ പിണറായിയുമായി അടുപ്പമുള്ള നേതാക്കളാണ്. നേരത്തെ തന്നെ ഇവര്‍ മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നു.

വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, പിപി ചിത്തരഞ്ജന്‍, സജി ചെറിയാന്‍, സിഎച്ച് കുഞ്ഞമ്പു, വീണാ ജോര്‍ജ്, കാനത്തില്‍ ജമീല, ആര്‍ ബിന്ദു, എഎന്‍ ഷംസീര്‍ എന്നീ പേരുകളും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്. നേമം പിടിച്ച നേട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് വി ശിവന്‍കുട്ടിക്കാണ് മുന്‍തൂക്കം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.