ഗൗരിയമ്മ: കേരളത്തിന് ലഭിക്കാതെ പോയ വനിതാ മുഖ്യമന്ത്രി

ഗൗരിയമ്മ: കേരളത്തിന് ലഭിക്കാതെ പോയ വനിതാ മുഖ്യമന്ത്രി

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച അനേകം നിയമങ്ങള്‍... കേരളത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച പരിഷ്‌കരണങ്ങള്‍... ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച നേതാവ്... രാഷ്ട്രീയത്തിലെ ഉറച്ച സ്ത്രീ ശബ്ദം... ആരെയും കൂസലില്ലാതെ നേരിട്ട പ്രകൃതം... ഉദ്യോഗസ്ഥ ധാര്‍ഷ്ട്യത്തെ ചൊല്‍പ്പടിക്ക് നിര്‍ത്തിയ മന്ത്രി.

കെ.ആര്‍ ഗൗരിയമ്മ വിടവാങ്ങുമ്പോള്‍ അത് ആധുനിക കേരളത്തെ കെട്ടിപ്പടുത്തതില്‍ പ്രധാനിയുടെ വിയോഗമാണ്. കേരളത്തിന് ലഭിക്കാതെ പോയ വനിതാ മുഖ്യമന്ത്രി കൂടിയാണ് കെ.ആര്‍ ഗൗരിയമ്മ. 1957ല്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായിരുന്നു കെ.ആര്‍ ഗൗരിയമ്മ. ചരിത്രത്തില്‍ നിര്‍ണായകമായ പല നിയമങ്ങളും പരിഷ്‌കരണങ്ങളും അവരിലൂടെ കൂടിയാണ് കേരളത്തില്‍ നടപ്പിലായത്.

ഭൂപരിഷ്‌കരണ നിയമം, കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, വനിതാ കമ്മീഷന്‍ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി കേരളത്തെ പുരോഗമന വഴിയില്‍ നടത്തിച്ച സുപ്രധാന ഇടപെടലുകള്‍ക്ക് തുടക്കമിട്ടതില്‍ പ്രധാനിയാണ് കെ.ആര്‍ ഗൗരിയമ്മ.

ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ എക്സൈസ് വകുപ്പുകളുടെ ചുമതലയായിരുന്നു കെ.ആര്‍ ഗൗരിയമ്മക്ക്. പിന്നീട് വിവിധ സര്‍ക്കാരുകളിലായി അഞ്ച് തവണ കെ.ആര്‍ ഗൗരിയമ്മ മന്ത്രിയായി. കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം, എക്സൈസ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. പതിനൊന്ന് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയിലുള്ള കെ.ആര്‍ ഗൗരിയമ്മയ്ക്ക് പക്ഷേ കേരളം ഒരു മുഖ്യമന്ത്രിക്കസേര നല്‍കാന്‍ വിസമ്മതിച്ചു.

ഉറച്ച രാഷ്ട്രീയ നിലപാടുകളായിരുന്നു കെ.ആര്‍ ഗൗരിയമ്മയുടേത്. അതിന് മുന്നില്‍ ആരെയും അവര്‍ ഗൗനിച്ചിരുന്നില്ല. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ ഭര്‍ത്താവ് ടി.വി തോമസ് സി.പി.ഐയില്‍ ചേര്‍ന്നെങ്കിലും ഗൗരിയമ്മ സി.പി.എമ്മിനൊപ്പം തന്നെ നിന്നു. പിന്നീട് അതേ സി.പി.എമ്മില്‍ നിന്ന് തന്നെ ഗൗരിയമ്മ പുറത്താക്കപ്പെട്ടു.

പാര്‍ട്ടിക്കുള്ളില്‍ താന്‍ നടത്തിയ ആശയ സമരങ്ങളാണ് തന്നെ പുറത്താക്കിയതിന് കാരണമെന്ന് ഗൗരിയമ്മ തുറന്നടിച്ചു. ക്രൗഡ് പുള്ളറായിരുന്ന കേരളത്തിലെ വനിതാ നേതാവായിരുന്നു ഗൗരിയമ്മ. അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ കേരളത്തില്‍ കോളിളക്കം തന്നെയുണ്ടായി, പ്രത്യേകിച്ച് ആലപ്പുഴയില്‍.

കെ.ആര്‍ ഗൗരിയമ്മ പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ നൂറ് അംഗങ്ങള്‍ പോലും ഉണ്ടാകില്ലെന്ന് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞെങ്കിലും ഗൗരിയമ്മ രൂപീകരിച്ച ജെ.എസ്.എസില്‍ സി.പി.എമ്മില്‍ നിന്നും പലരും പോയി. 'കേരം തിങ്ങും കേരളനാട് കെ.ആര്‍ ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുഴങ്ങിയിരുന്നു. പക്ഷേ, രാഷ്ട്രീയ കേരളത്തിന്റെ ഉരുക്ക് വനിതയ്ക്ക് ആ മുദ്രാവാക്യം അന്വര്‍ത്ഥമാക്കാന്‍ അവസരം നല്‍കിയില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.