ബീജിങ്: ചൈനയെ ആശങ്കപ്പെടുത്തി രാജ്യത്തെ ജനസംഖ്യാ വളര്‍ച്ച കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. ജനസംഖ്യാ വളര്‍ച്ച 1960-നുശേഷം ആദ്യമായി മന്ദഗതിയിലായതായി ചൈന പുറത്തുവിട്ട സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു കുഞ്ഞ് എന്ന നയത്തില്‍ 2016-ല്‍ ഇളവു വരുത്തിയെങ്കിലും ജനസംഖ്യ വര്‍ധിക്കാത്തതാണ് ആശങ്കപ്പെടുത്തുന്നത്. ജനസംഖ്യാ ആസൂത്രണ നയങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പുതിയ കണക്കുകള്‍. പത്തു വര്‍ഷത്തിലൊരിക്കലാണ് ചൈന സെന്‍സസ് ഡാറ്റ പുറത്തുവിടുന്നത്.
ജനസംഖ്യയില്‍ വയോധികരുടെ എണ്ണം വര്‍ധിക്കുന്നത് ചൈനയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. അതുകൂടാതെ ജനസംഖ്യയുടെ 51.24 ശതമാനവും പുരുഷന്മാരാണ്.
2010 നും 2020 നും ഇടയില്‍ ചൈനയിലെ ജനസംഖ്യ 1.339 ബില്യണില്‍നിന്ന് 1.411 ബില്യണായി ഉയര്‍ന്നു. പ്രതിവര്‍ഷമുള്ള ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ശരാശരി 0.53 ശതമാനമാണ്. എന്നാല്‍ 2010 ലെ സെന്‍സസില്‍ 0.57 ശതമാനമാണ് വളര്‍ച്ചാ നിരക്ക്്. ഓരോ വര്‍ഷവും ശരാശരി 4 ശതമാനത്തിന്റെ കുറവുണ്ടാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബര്‍, ഡിസംബര്‍ കാലയളവിലാണ് കണക്കെടുപ്പ് നടന്നത്. ചൈനയിലെ ഓരോ വീട്ടിലും എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ഏഴു ദശലക്ഷം ആളുകളെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
ജനസംഖ്യാ വര്‍ധന തടയാനാണ് ചൈന നേരത്തെ ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന നയം നടപ്പാക്കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ നയം തിരിച്ചടിയായി. ജനന നിരക്ക് കുറയുന്നത് പ്രതിസന്ധിയിലേക്കു നയിക്കുമെന്ന് കണ്ട് 2016-ല്‍ ഒറ്റ കുട്ടി നയത്തില്‍ സര്‍ക്കാര്‍ ഇളവു വരുത്തി. രണ്ട് കുട്ടികളാകാമെന്നാണ് പുതിയ നയം. എന്നാല്‍ ഇതും ഫലപ്രദമായില്ലെന്നാണ് പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2019-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ജനന നിരക്ക് 15 ശതമാനം കുറഞ്ഞു.
സാമ്പത്തികച്ചെലവ് ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ കുട്ടികള്‍ ഉണ്ടാകുന്നതിനെ ചൈനീസ് ചെറുപ്പക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് ഭക്ഷ്യ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന 27 വയസുകാരനായ മേയ് പറയുന്നു. ചൈനയില്‍ വിദ്യാഭ്യാസം ചെലവേറിയ ഒന്നാണ്. കുട്ടികളെ വളര്‍ത്തലും വാര്‍ധക്യത്തിലുള്ള മാതാപിതാക്കളുടെ പരിചരണവും ഒരുമിച്ച കൊണ്ടു പോകുന്നതിനെക്കുറിച്ച് പല ചെറുപ്പക്കാരും ആശങ്കാകുലരാണെന്നു മേയ് കൂട്ടിച്ചേര്‍ത്തു.
ജനന നിരക്ക് കുറയുന്നത് ഭാവിയില്‍ രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തൊഴില്‍ ചെയ്യാനുള്ള ആളുകളുടെ എണ്ണം കുറയുന്നത് സാമ്പത്തിക രംഗത്തും വലിയ നഷ്ടമുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.