ഒരു നേഴ്സ് ആയി ജോലി നോക്കാൻ തുടങ്ങിയിട്ടു ഏതാണ്ട് ഇരുപത് വർഷത്തിനു മുകളിൽ ആയ എനിക്ക് ഈ ലോകമഹാമാരി സമ്മാച്ചത് മറക്കാനാവാത്ത ചില ഓർമ്മകളും, എന്നെ പഠിപ്പിച്ചത് വിലപ്പെട്ട ചില പാഠങ്ങളുമാണ്. ഒരു നേഴ്സ് ആണെന്നതിൽ ഞാൻ എന്നും അഭിമാനിച്ചിരുന്നു. ഇപ്പോഴും, നേഴ്സ് അല്ലെങ്കിൽ മറ്റെന്ത് എന്നതിന് എനിക്ക് ഉത്തരമില്ല. എന്നാൽ ഒരു നേഴ്സ് എന്ന നിലയിൽ ഇപ്പോൾ എനിക്ക് തോന്നുന്ന അഭിമാനം , ഇതിനുമുൻപ് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നും സംശയമാണ് . യുദ്ധഭൂമിയിൽ മുൻനിരയിൽ നിന്ന് പടവെട്ടി ജയിച്ചുകൊണ്ടിരിക്കുന്ന ഒരു യോദ്ധാവിന്റെ വിജയഭാവവും ആഹ്ലാദവും അതിലേറെ അഭിമാനവും അങ്ങേയറ്റം ഞാൻ അനുഭവിച്ചു. ഒരു " എമർജൻസി റൂം നേഴ്സ് " എന്നത് ഒരു മഹത്തായ പദവി ആയിത്തന്നെ ഞാൻ കാണുന്നു. എനിക്ക് അറിയാം എന്ന് ഞാൻ ധരിച്ചിരുന്നു എങ്കിലും, മനുഷ്യന്റെ നിസഹായത അതിന്റെ പൂർണ്ണതയിൽ കാണുവാനും അനുഭവിക്കാനും മനസ്സിലാക്കുവാനും 'കോവിഡ്' എന്ന സൂക്ഷ്മാണു കാരണമായി.
എന്റെ മുന്പിൽ ഒരുപാടു രോഗികൾ വന്നു പോയി. സി പി ആർ കൊടുക്കേണ്ടി വന്നവർ, ഹാർട്ട് അറ്റാക്ക് , സ്ട്രോക്ക് എന്നിങ്ങനെ മാരകമായ രോഗങ്ങൾ തുടങ്ങി ഉറുമ്പു കടിച്ചതിന്റെ പേരിൽ വരെ എമർജൻസി റൂമിൽ വന്നവർ. എന്നാൽ അവരോടൊന്നും തോന്നാത്ത ഒരു പ്രത്യേക സ്നേഹം എന്റെ "കോവിഡ്"രോഗികളോട് എനിക്ക് തോന്നിയിട്ടുണ്ട്. ആംബുലൻസുകൾ നിരനിരയായി വന്ന് ഹാളിൽ സ്ഥാനം ഉറപ്പിക്കുമ്പോൾ, കിടക്ക കിട്ടാനുള്ള തങ്ങളുടെ ഊഴവും കാത്ത് , അംബുലൻസിന്റെ സ്ട്രെച്ചറിൽ രോഗികൾ മണിക്കൂറുകൾ തള്ളിനീക്കുന്നതും, ഓരോ തവണയും പ്രതീക്ഷയോടെ ഞങ്ങളുടെ മുഖത്തേയ്ക്ക് നോക്കുന്നതും, നിരാശയോടെ ഞാനും നോക്കിനിന്നിട്ടുണ്ട്.
കോവിഡ് രോഗികൾ വന്നു തുടങ്ങിയ ആദ്യ ആഴ്ചയിൽ തന്നെ ഞാൻ മനസ്സിലാക്കിയ ഒരു സത്യം ഉണ്ട് . അവരിൽ കുത്തി വെക്കേണ്ടത് മരുന്ന് അല്ല എന്ന് . അവരിൽ കുത്തി നിറക്കേണ്ടത് ആത്മവിശ്വാസവും പ്രത്യാശയും ആണ് എന്ന് . അവരുടെ കണ്ണുകളിലെ ആകുലതയും ഭയവും ഞാൻ ശ്രദ്ധിച്ചു . കൊറോണ വൈറസ് , രോഗത്തോടൊപ്പം കൊണ്ട് വരുന്ന ഏകാന്തതയും അതിനെക്കുറിച്ചുള്ള ഭയവും എല്ലവരിലും ഞാൻ കണ്ടു . അവർ എമർജൻസി റൂമിൽ , ആംബുലൻസിൽ എന്റെ അടുത്ത് എത്തുമ്പോൾ മുഖംമൂടി വച്ച ഒരു മുഖം മാത്രമാണ് അവർ കാണുന്നത്. ആ മുഖംമൂടിക്ക് പിന്നിൽ മറ്റൊരു മുഖം മൂടിയുണ്ടോ എന്ന് ഒരുപക്ഷെ അവർ ചിന്തിക്കുന്നുണ്ടാവാം.
ഒരു നഴ്സിന്റെ പുഞ്ചിരിക്ക് മറ്റേതൊരു ഔഷധത്തെക്കാളും വിലയുണ്ട്. രോഗീപരിചരണത്തിൽ'പുഞ്ചിരി'ക്ക് വല്യ പങ്കുണ്ട്. എന്നാൽ കോവിഡ് ആ വല്യ സാധ്യത എടുത്തുകളഞ്ഞു. സൗഖ്യ ദായകമായ എല്ലാ പുഞ്ചിരികളും ആ മുഖം മൂടിക്ക് പിന്നിൽ തളയ്ക്കപ്പെട്ടു. അത് വർധിപ്പിച്ചത് രോഗിയിലെ ആകുലതയും, കുറച്ചത് സൗഖ്യപ്പെടലിന്റെ തീവ്രതയുമാണ്.മുഖഭാവം ആശയസംവേദനത്തിനുള്ള ഒരു പ്രധാന മാർഗ്ഗം ആണ് . എന്നാൽ മാസ്ക് ആ സാധ്യത ഇല്ലാതാക്കി .
ആകുലരായ എന്റെ രോഗികളെ ഒരു ചെറിയ സംഭാഷണത്താൽ ഒന്നു ശാന്തരാക്കാൻ ശ്രമിച്ചു. അല്പം സംസാരിച്ചു കഴിയുമ്പോ ചിലർ കരയും . " ഞാൻ രക്ഷപ്പെടുമോ " എന്ന ചോദ്യം ഉയരും . അവരിലെ നഷ്ടപ്പെട്ടുപോയ ആത്മധൈര്യം ഒന്ന് വീണ്ടെടുക്കാൻ ... കണ്ണുകളിലെ ആ ഉൽകണ്ഠ അല്പം ഒന്ന് കുറക്കാൻ ... പ്രിയപ്പെട്ടവർ കൂടെ ഇല്ലെങ്കിലും ഞങ്ങൾ ഇവിടെ ഉണ്ട് എന്ന് പറഞ്ഞു ധൈര്യം കൊടുക്കാൻ ... ഞങ്ങൾ ആണ് ഇനി മുതൽ നിങ്ങളുടെ കുടുംബം എന്ന് പറഞ്ഞു, അവരെ വിശ്വസിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് ആദ്യത്തെ കുറച്ചു സമയം . അവരുടെ മനസ്സ് തണുക്കുന്നതു ഭിത്തിയിൽ കൊളുത്തിവച്ചിരിക്കിന്ന മോണിറ്ററിൽ നോക്കിയാൽ അറിയാം . മനസ്സ് ശാന്തമാകുന്നതനുസരിച്ചു മോണിറ്ററും ശാന്തമാകുന്നു .... ഹൃദയമിടിപ്പിന്റെ വേഗം,രക്ത സമ്മർദം ഇവ കുറയുന്നു, ശ്വാസഗതി സാവധാനത്തിൽ ആകുന്നു തുടങ്ങിയ മാറ്റങ്ങൾ കണ്ടു തുടങ്ങുന്നു. എമർജൻസി റൂമിൽ ഒരു രോഗി അധികനേരം ഞങ്ങളുടെ ഒപ്പം ഉണ്ടാവാറില്ല. ഒന്നുകിൽ ഡിസ്ചാർജ് അല്ലെങ്കിൽ അഡ്മിഷൻ ഇനി അതും അല്ലെങ്കിൽ മരണം; ഇതിൽ ഏതെങ്കിലും ഒരു കാരണത്താൽ അവർ പോയിരിക്കും. എന്റെ രോഗി മുറി വിട്ടു പോകുമ്പോൾ , അവരിൽ ആത്മവിശ്വാസത്തിന്റെ ഒരു നാളം കൊളുത്താൻ എപ്പോഴും ശ്രമിച്ചിരുന്നു.
ഹൃദയം നിറഞ്ഞ നന്ദിയുടെ വാക്കുകൾ ഒരുപാടു ലഭിച്ചിട്ടുണ്ട്. അമ്മച്ചിമാരുടെ ഹൃദയം നിറഞ്ഞുള്ള അനുഗ്രഹങ്ങൾ ഏറെ സ്വന്തമാക്കിയിട്ടുണ്ട്. " നിന്നെ ഒരിക്കലും മറക്കില്ല" എന്ന് പറഞ്ഞവർ; "നിന്നെ എവിടെ എങ്കിലും കണ്ടാൽ നിന്റെ മുഖം കണ്ടു നിന്നെ തിരിച്ചറിയാൻ സാധിക്കില്ല, പക്ഷെ നിന്റെ കണ്ണുകൾ കണ്ട് ഞാൻ തിരിച്ചറിയും"എന്ന് പറഞ്ഞ എന്റെ രോഗികൾ ; എന്നെയും കുടുംബത്തെയും മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചവർ .. എന്നും എനിക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് പറഞ്ഞവർ ....ഇതൊക്കെ കൊണ്ടുവരുന്ന ആത്മ സംതൃപ്തി എവിടെ കിട്ടും ?? ഓരോ ദിവസവും തളർന്നു ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കൂട്ടിനു , എന്റെ ജോലി എനിക്ക് സമ്മാനിച്ച 'ജോബ് സാറ്റിസ്ഫാക്ഷനും'ഒപ്പം ഉണ്ടാവും. എത്ര ശമ്പളം കൈപ്പറ്റിയാലും കിട്ടാത്ത ആ സംതൃപ്തി എനിക്ക് കൊണ്ടുവന്നത് എന്റെ കോവിഡ് രോഗികൾ ആണ് .
എന്നാൽ ജോലിയുമായി ബന്ധപ്പെട്ട മാനസിക, വൈകാരിക, ശാരീരിക സമ്മർദ്ദങ്ങൾ ഇല്ല എന്ന് ഇതർത്ഥമാക്കുന്നില്ല . ശാരീരികമായ ക്ഷീണവും മനസികമായ തളർച്ചയും അനുഭവപ്പെടാറുണ്ട്. എന്റെ മുൻപിൽ രോഗികൾ മരിക്കുന്നതു കണ്ട് , വേദനയോടെ, നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്. ചില അവസരങ്ങളിൽ ആ വേദന, വീട്ടിലേക്ക് എന്റെ ഒപ്പം കൂടാറുണ്ട്. ഒരിക്കൽ പ്രായമായ ഒരു അപ്പച്ചനെ ഇന്റുബേറ്റ് ചെയ്യുന്നതിന് മുൻപുള്ള സമയം. ഭാര്യയെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു അപ്പച്ചൻ. മറ്റ് യാതൊതു വഴിയും ഇല്ലാതിരുന്നത് കൊണ്ട് എന്റെ ഫോണിൽ വീഡിയോ കാൾ ചെയ്തു ഭാര്യയെ കാണിച്ചു. അന്ന് ആ അപ്പച്ചൻ കരഞ്ഞു . എനിക്ക് ഒരുപാട് നന്ദി പറഞ്ഞു രണ്ടു പേരും . എന്നാൽ അന്ന് ഞാൻ അത് ചെയ്തില്ലായിരുന്നു എങ്കിൽ , ജീവിതകാലം മുഴുവൻ എന്നെ അലട്ടിയേനെ. കാരണം എന്റെ ആ രോഗി പിന്നീട് വീട്ടിലേക്കു തിരിച്ചു പോയില്ല . അമ്മച്ചി എന്നും ആ അവസാന വീഡിയോ കാൾ ഓർക്കും . അതിനു ഞാൻ കാരണം ആയതിൽ , സന്തോഷമുണ്ട് അഭിമാനവുമുണ്ട്.
കോവിഡ് രോഗികളെ പരിചരിക്കുന്നത് കൊണ്ട് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നിട്ടുണ്ട് . "അമ്മ എന്നാ വരുന്നത് " എന്ന് മക്കൾ ചോദിക്കുമ്പോൾ , വിഷമം തോന്നിയിട്ടുണ്ട്. 12 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോൾ ശരീരം തളർന്നാണെങ്കിലും , ആ തളർച്ചയെ അതിജീവിക്കാൻ , വീണ്ടും തിരിച്ചു ജോലിയിൽ പ്രവേശിക്കാൻ , പ്രചോദനവും മനസ്സിന് ശക്തിയും ലഭിക്കുന്നത് എന്റെ രോഗികളെ പരിചരിക്കുന്നതിൽ കൂടി കിട്ടുന്ന ആത്മ സംതൃപ്തിയിൽക്കൂടി ആണ് .ഞാൻ അഭിമാനിക്കുന്നു , അങ്ങേയറ്റം ഒരു "എമർജൻസി നേഴ്സ്"ആയിരിക്കുന്നതിലും ,ഒപ്പം ഈ ലോക മഹാമാരിക്കെതിരെ ഉള്ള പോരാട്ടത്തിൽ ഒരു ഭാഗം അകാൻ കഴിഞ്ഞതിലും !
ഈ പ്രത്യേക ദിനത്തിൽ എന്റെ എല്ലാ സഹപ്രവർത്തകർക്കും നഴ്സസ് ദിനത്തിന്റെ ആശംസകൾ. കരിന്തിരി കത്താത്ത കരുണയുടെ വിളക്കേന്തുന്ന എല്ലാ മാലാഖമാരും മറ്റൊരു ഫ്ലോറൻസ് നൈറ്റിങ്കേൽ ആകട്ടെ എന്ന് ആശംസിക്കുന്നു!
സിസിലി ജോൺ
എമെർജൻസി നേഴ്സ്, USA
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.