തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിക്ക് കാരണം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി.
ഇടതുപക്ഷത്തെ നേരിടാന്‍ താഴെ തട്ടില്‍ സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നെന്നും താരിഖ് അന്‍വര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നേതൃത്വത്തെ പൂര്‍ണമായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സമര്‍പ്പിച്ചത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ള അനൈക്യമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യ കാരണമായതെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തല്‍. നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഈ അനൈക്യം പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും പ്രകടമായി.
ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവര്‍ത്തിച്ചു. ഇത് തന്നെയാണ് പരാജയത്തിന് പ്രധാന കാരണമായത്. താഴെത്തട്ടില്‍ ഇടതുപക്ഷത്തെ നേരിടാന്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം പര്യാപ്തമായിരുന്നില്ല. സംഘടനയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 19 സീറ്റാണ് ലഭിച്ചത്. ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റിദ്ധരിച്ചു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കും എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം ഉണ്ടായത്.
എന്നാല്‍ ഇത് വ്യക്തിഗത നേട്ടം എന്ന നിലയിലാണ് പല നേതാക്കളും കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍കൊണ്ടില്ല. തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും ഇതില്‍ അലംഭാവം കാണിച്ചു - താരിഖ് അന്‍വര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.